തനിക്ക് വണ്ണം കൂടുതലാണെന്ന തോന്നലായിരുന്നു കണ്ണൂർ സ്വദേശിനിയായ 18 കാരിയെ അലട്ടിയിരുന്നത്. ആ തോന്നലിൽ നിന്നാണ് യൂട്യൂബ് വീഡിയോകൾ നോക്കി ഡയറ്റ് ചെയ്ത് വണ്ണം കുറയ്ക്കാം എന്ന് ചിന്തയിൽ അവൾ എത്തിയത്. പക്ഷേ അതിന് ആ പെൺകുട്ടി കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവൻ തന്നെയായിരുന്നു. യൂട്യൂബ് വീഡിയോകളിൽ കണ്ട അശാസ്ത്രീയമായ ഭക്ഷണക്രമീകരണങ്ങൾ പിന്തുടർന്ന് ഭക്ഷണത്തിൻറെ അളവ് ക്രമാതീതമായി കുറച്ചതിനെ തുടർന്നുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാലാണ് അവൾ ധാരുണമായി മരണപ്പെട്ടത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.
ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ അശാസ്ത്രീയമായ ഡയറ്റുകൾ പിന്തുടർന്നതിനെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇരയാകേണ്ടി വന്നവർ ഉണ്ട്. അമേരിക്കയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ മറ്റൊരു സംഭവത്തിൽ ഇൻറർനെറ്റിൽ പ്രശസ്തമായ കാർണിവോർ ഡയറ്റ് പിന്തുടർന്നതിനെ തുടർന്ന് ഒരു യുവതി ഗുരുതരമായ വൃക്ക രോഗത്തിനാണ് ഇരയാക്കപ്പെട്ടത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് സോഷ്യൽ മീഡിയ താരമായ ജിസ്മാ വിമൽ താൻ രണ്ടുമാസം കൊണ്ട് വാശി പുറത്ത് വണ്ണം കുറച്ച അനുഭവം ഒരു ഓൺലൈൻ മീഡിയയിൽ പങ്കുവെച്ചത്. അതിൽ അവർ പറയുന്നത് നന്നായി ഭക്ഷണം കഴിക്കുമായിരുന്ന താൻ ദിവസങ്ങളോളം പട്ടിണി കിടന്നതിനെ ' തുടർന്ന് ആമാശയും ചുരുങ്ങിപ്പോകുന്നതുപോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നു എന്നാണ്.
അറിവില്ലായ്മ കൊണ്ടോ കാര്യങ്ങളെ നിസ്സാരമായി കരുതുന്നതുകൊണ്ടോ എന്ന് അറിയില്ല അശാസ്ത്രീയമായ ഡയറ്റുകൾ പിന്തുടർന്ന് ആരോഗ്യം അപകടത്തിൽ ആക്കുന്ന നിരവധി ആളുകൾ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. അശാസ്ത്രീയമായ രീതിയിൽ ഭക്ഷണ ക്രമീകരണം നടത്തുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമേ ചെയ്യൂ എന്ന കാര്യം മറക്കരുത്. ഭക്ഷണ ക്രമീകരണം അഥവാ ഡയറ്റ് എടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അശാസ്ത്രീയമായ ഡയറ്റുകൾ ഉയർത്തുന്ന അപകട സാധ്യതകളെക്കുറിച്ച് വിശദമാക്കുകയാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ സീനിയർ ക്ലിനിക്കൽ ഡയറ്റീഷൻ റ്റീന ജോൺ.
ഡയറ്റ് കുട്ടിക്കളിയല്ല
പ്രതിദിനം പുരുഷന്മാർക്ക് 2500 കലോറിയും പ്രായവും പ്രവർത്തന നിലയും അനുസരിച്ച് സ്ത്രീകൾക്ക് പ്രതിദിനം 2000 കലോറിയും ആവശ്യമാണ്. ഈ അളവിൽ കുറവ് വരുത്തുന്നത് ശരീരത്തിൽ പല പ്രത്യാഘാതങ്ങൾക്കും കാരണമാകും. അതുകൊണ്ടുതന്നെ ഭക്ഷണം ഒഴിവാക്കിയുള്ള അശാസ്ത്രീയമായ ഡയറ്റ് ഒരു വ്യക്തി അയാളുടെ ശരീരത്തെ സ്വയം അപകടപ്പെടുത്തുന്നതിന് തുല്യമാണ്. '
പട്ടിണി കിടന്ന ഭക്ഷണക്രമീകരണം നടത്തി ശരീര ഭാരം കുറയ്ക്കുന്നതിനെ പൊതുവിൽ ക്രാഷ് ഡയറ്റ് എന്നാണ് പറയുന്നത്. ഇത്തരം ഡയറ്റുകൾ ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ ചിലരെയെങ്കിലും സഹായിച്ചേക്കാം എന്നാൽ അറിഞ്ഞിരിക്കേണ്ടത് ദീർഘകാല ആരോഗ്യപ്രശ്നങ്ങളും ഇതേ പിന്തുടർന്ന് വരാനുള്ള സാധ്യതയുണ്ട് എന്നാണ്.
ക്രാഷ് ഡയറ്റുകളിൽ കലോറി അമിതമായ അളവിൽ കുറയ്ക്കുന്നതിനാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരും. അതിനാൽ താൽക്കാലികമായി ശരീരഭാരം കുറഞ്ഞാലും പിന്നീട് സാധാരണഗതിയിൽ എപ്പോൾ ഭക്ഷണം കഴിച്ചു തുടങ്ങുന്നോ അപ്പോൾ മുതൽ ശരീരഭാരം ക്രമാതീതമായി വർദ്ധിക്കുന്നതായാണ് കണ്ടുവരുന്നത്.വ്യക്തിപരമായ ആരോഗ്യ അവസ്ഥയും ശരിയായ രോഗനിർണയവും പരിഗണിച്ചല്ലാതെ യാതൊരു കാരണവശാലും ഇത്തരത്തിലുള്ള അശാസ്ത്രീയമായ ഡയറ്റുകളുടെ പിന്നാലെ പോകരുത്. സ്ഥിരതയുള്ളതും ആരോഗ്യകരവുമായ ഭക്ഷണരീതിയും വ്യായാമവും ആണ് ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലത്.