തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഏപ്രിൽ 19ന് വൈകുന്നേരം 4 മണിക്ക് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും.
സംസ്ഥാനത്ത് ആദ്യമായി ന്യൂറോ കാത്ത് ലാബും, സ്ട്രോക്ക് ഐസിയുവും സിടി ആൻജിയോഗ്രാം ഉൾപ്പെടെയുള്ള സമഗ്ര സ്ട്രോക്ക് യൂണിറ്റാണ് യാഥാർത്ഥ്യമായത്. മെഡിക്കൽ കോളേജിൽ ആദ്യമായി ലിനാക്, ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റ്, ബേൺസ് ഐസിയു, എംഎൽടി ബ്ലോക്കിന്റെ നിർമ്മാണം എന്നിവയുടെ ഉദ്ഘാടനവും ഉണ്ടാകും. മെഡിക്കൽ കോളേജിൽ ആവിഷ്‌ക്കരിച്ച് വിജയകരമായി നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് മറ്റ് മെഡിക്കൽ കോളേജുകൾക്കും മാതൃകയാകുകയാണ്. മാസ്റ്റർപ്ലാനിന്റെ ഭാഗമായി 717 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നു വരുന്നത്. ആദ്യഘട്ടത്തിലെ റോഡും പാലവും നിർമ്മാണം പൂർത്തിയാക്കി രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ആരംഭമാണ് എംഎൽടി ബ്ലോക്ക്. ഈ പുതിയ സംരംഭങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ മെഡിക്കൽ കോളേജിൽ വലിയ മാറ്റം ഉണ്ടാകുമെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.