April 27, 2024

Login to your account

Username *
Password *
Remember Me

ന്യൂറോ കാത്ത്‌ലാബ്‌ ഉൾപ്പെട്ട സമഗ്ര സ്ട്രോക്ക് യൂണിറ്റ് ചരിത്ര നേട്ടം: മന്ത്രി വീണാ ജോർജ്

*മെഡിക്കൽ കോളേജിൽ 34.70 കോടിയുടെ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കും


തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ ന്യൂറോളജി വിഭാഗത്തിന് കീഴിലുള്ള രാജ്യത്ത് ആദ്യത്തെ ന്യൂറോ കാത്ത്‌ലാബ്‌ ഉൾപ്പെട്ട സമഗ്ര സ്ട്രോക്ക് യൂണിറ്റ് ചരിത്ര നേട്ടമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിനെ സംബന്ധിച്ചും ആരോഗ്യ മേഖലയെ സംബന്ധിച്ചും വളരെ അഭിമാനമുള്ള സന്ദർഭമാണിത്. കൂടാതെ മെഡിക്കൽ കോളേജിൽ ആദ്യമായി ലിനാക്, ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റ്, ബേൺസ് ഐസിയു എന്നിവയും യാഥാർത്ഥ്യമായി. ഇതിന് പിന്നിൽ വലിയ കഠിനാധ്വാനവും സമർപ്പണവും ലക്ഷ്യബോധവുമുണ്ട്. നല്ലൊരു മാതൃകയാണിത്. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ ആദ്യ ജെനിറ്റിക് വിഭാഗം ആരംഭിക്കും. പുതിയ ലാബുകൾ ഉൾപ്പെടെ അധിക സംവിധാനങ്ങൾ ഒരുക്കും. ചികിത്സാ രംഗത്തും ഗവേഷണ രംഗത്തും ഇത് വഴിത്തിരിവാകും. എസ്.എ.ടിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസായി കേന്ദ്രം തെരഞ്ഞെടുത്തിരുന്നു. രാജ്യത്തെ 10 ആശുപത്രികളുടെ കൂട്ടത്തിലാണ് എസ്.എ.ടി. ഉൾപ്പെട്ടിട്ടുള്ളത്.


ന്യൂറോളജി വിഭാഗത്തിന് കീഴിലാണ് പക്ഷാഘാത ചികിത്സയ്ക്ക് അത്യാധുനിക സംവിധാനത്തോടുളള സമഗ്ര സ്ട്രോക്ക് യൂണിറ്റ് 14.03 കോടി രൂപ ചെലവഴിച്ച് പ്രവർത്തസജ്ജമാക്കിയത്. സർക്കാർ തലത്തിൽ ആദ്യത്തേതാണ് സി.ടി. ആൻജിയോഗ്രാം കാത്ത് ലാബ് ഉൾപ്പടെയുളള സമഗ്ര സ്ട്രോക്ക് യൂണിറ്റ്. ഇതോടൊപ്പം സ്ട്രോക്ക് ഐസിയുവും സജ്ജമാക്കി. കാൻസർ ചികിത്സയ്ക്കുപയോഗിക്കുന്ന ആധുനിക സംവിധാനമായ ലിനാക് 18 കോടി രൂപ ചെലവിലാണ് സജ്ജമാക്കിയത്. പൊള്ളലേറ്റവർക്കുള്ള അത്യാധുനിക ചികിത്സയ്ക്കായാണ് 3.465 കോടി രൂപ ചെലവിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിന് കീഴിൽ 9 കിടക്കകളുള്ള ബേൺസ് ഐസിയു സജ്ജമാക്കിയിരിക്കുന്നത്. പൾമണറി മെഡിസിൻ വിഭാഗത്തിന് കീഴിലാണ് 1.10 കോടി രൂപ ചെലവിൽ എന്റോബ്രോങ്കിയൽ അൾട്രാസൗണ്ട് (ഇ.ബി.യു.എസ്) സംവിധാനം സജ്ജമാക്കിയത്. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 16 കോടി ചെലവഴിച്ച് പാരാമെഡിക്കൽ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 6 നിലകളുള്ള 43,800 ചതുരശ്രയടി വിസ്തീർണമുളള കെട്ടിടമാണ് നിർമ്മിക്കുന്നത്.


മെഡിക്കൽ കോളേജിൽ ആവിഷ്‌ക്കരിച്ച് വിജയകരമായി നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് മറ്റ് മെഡിക്കൽ കോളേജുകൾക്കും മാതൃകയാകുകയാണ്. ഇതിലൂടെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് എത്രയും വേഗം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നു.
മെഡിക്കൽ കോളേജിൽ ഈ സർക്കാരിന്റെ കാലത്ത് അധികമായി ഐസിയു, വെന്റിലേറ്റർ, മറ്റ് ആശുപത്രി സംവിധാനങ്ങളൊരുക്കി. ഇത് കോവിഡ് കാലത്ത് വളരെയധികം സഹായിച്ചു. സ്പെറ്റ്, പെറ്റ് സ്‌കാനിംഗുകൾ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ, എസ്.എം.എ. ക്ലിനിക് എന്നിവ യാഥാർത്ഥ്യമാക്കി. മെഡിക്കൽ കോളേജിൽ 50 കിടക്കകളുള്ള 34.70 കോടിയുടെ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, നഗരസഭാ ഡെപ്യൂട്ടി മേയർ പി.കെ. രാജു, കൗൺസിലർ ഡി.ആർ. അനിൽ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കലാ കേശവൻ, വൈസ് പ്രിൻസിപ്പൽ ഡോ. കെ.ബി. ഉഷാ ദേവി, ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീൻ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു, ന്യൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ഐപ്പ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.