*പരമ ദാരിദ്ര്യ നിർമാർജനം സർക്കാരിന്റെ ലക്ഷ്യം
ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പ് വലിയ ഇടപെടൽ നടത്തുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആർദ്രം മിഷൻ ജനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. സമൂഹത്തിലെ രോഗാതുരത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് നടപ്പാക്കി വരുന്നതാണ് വാർഷിക പരിശോധനാ പദ്ധതി. പരിശോധനയ്ക്കുള്ള വിമുഖത മാറ്റി എല്ലാവരേയും ഇതിലേക്ക് കൊണ്ടുവരാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം 2021-22 വിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാരിന്റെ നാല് മിഷനുകൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഈ മിഷനുകൾക്ക് വലിയ രീതിയിലുള്ള ജനപങ്കാളിത്തമുണ്ടായി. ആർദ്രം മിഷനാണ് കേരളത്തിലെ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചു വരുന്നത്. ആരോഗ്യ രംഗത്ത് എടുത്തുപറയത്തക്ക മാറ്റം ഉണ്ടാക്കാൻ ആർദ്രം മിഷനിലൂടെ കഴിഞ്ഞു. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് ആ പ്രദേശത്തെ കുടുംബങ്ങളുമായി നേരിട്ട് ബന്ധമുണ്ടാകണം. ജനങ്ങൾക്ക് ആശ്രയിക്കാവുന്ന അവരുടെ ചികിത്സാ കേന്ദ്രമായി കുടുംബാരോഗ്യ കേന്ദ്രം മാറണം. അങ്ങനെ വരുമ്പോൾ ഡോക്ടറും രോഗിയും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടാകും. 100 ദിന കർമ പരിപാടിയിൽ 50 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ആർദ്രം മിഷനിലൂടെ കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് ബോധപൂർവമായ ഇടപെടൽ ഉണ്ടാകണം. ചില തദ്ദേശ സ്ഥാപനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
ആരോഗ്യ മേഖലയിൽ വന്ന മാറ്റത്തിന്റെ ഗുണഫലം അനുഭവിക്കാൻ കഴിഞ്ഞവരാണ് നമ്മൾ. ലോകം മുഴുവൻ കോവിഡ് വിറപ്പിച്ചപ്പോൾ പല വികസിത രാഷ്ട്രങ്ങളും മുട്ടുകുത്തിയപ്പോൾ കേരളത്തിന് നല്ല രീതിയിൽ പിടിച്ചു നിൽക്കാനായത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ സർക്കാർ ആർദ്രം മിഷനിലൂടെ ഇടപെട്ട് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ്. കോവിഡ് മഹാമാരിയുടെ മൂർദ്ധന്യത്തിൽ പോലും ആശുപത്രി കിടക്കകളും ഓക്‌സിജൻ കിടക്കകളും ഐസിയു വെന്റിലേറ്ററുകളും ഒഴിഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. നമ്മുടെ നാടിനെക്കുറിച്ച് പരാതികൾ ഉന്നയിച്ചവരിൽ പലരും കോവിഡ് വ്യാപിച്ചപ്പോൾ ഇവിടുത്തെ ആരോഗ്യ സംവിധാനത്തേയാണ് ആശ്രയിച്ചത്. നമ്മുടെ ആരോഗ്യ രംഗം നല്ല രീതിയിൽ ഏത് മാരക രോഗങ്ങളേയും പകർച്ച വ്യാധികളേയും നേരിടാനുള്ള കരുത്താർജിച്ചു.
വികസനക്ഷേമ പദ്ധതികൾ ഒരേപോലെ ശക്തിപ്പെടുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇത് നാടിന്റെ വികസനത്തിൽ വലിയ കരുത്ത് പകരും. ദരിദ്രാവസ്ഥയിലുള്ളവർ കുറവുള്ള നാടാണ് കേരളം. അതിൽ നിന്നും പരമ ദാരിദ്ര നിർമാർജനമാണ് സർക്കാരിന്റെ ലക്ഷ്യം. അതിനായി എല്ലാവരും നന്നായി മുൻകൈയ്യെടുക്കണം. ഓരോ വിഭാഗത്തിന്റേയും പ്രത്യേക പ്രശ്‌നങ്ങൾ മനസിലാക്കി നിശ്ചിത സമയ പരിധിയ്ക്കുള്ളിൽ അവരെ പരമ ദരിദ്രാവസ്ഥയിൽ നിന്നും മോചിപ്പിക്കാൻ കഴിയണം. പരമദരിദ്രരില്ലാത്ത നാടായി കേരളം മാറണം.
ചികിത്സാ സൗകര്യങ്ങളും രോഗനിർണയ സൗകര്യങ്ങളും ഒരുക്കുന്നതോടൊപ്പം തന്നെ ഏറെ പ്രധാന്യമുള്ളതാണ് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ എല്ലാവർക്കും ലഭ്യമാക്കുക എന്നത്. കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം 42 ലക്ഷം കുടുംബങ്ങൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കിയിരിക്കുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന 21 ലക്ഷത്തോളം കുടുംബങ്ങൾക്ക് മാത്രമാണ് കേന്ദ്രസഹായം ലഭ്യമാക്കുന്നത്. ഇതിനായി 138 കോടി രൂപ മാത്രമാണ് കേന്ദ്രസർക്കാർ ലഭ്യമാക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാർ കഴിഞ്ഞ സാമ്പത്തിക വർഷം ചിലവഴിച്ചത് 1,630 കോടി രൂപയാണ്. അതായത്, പദ്ധതിയുടെ 90 ശതമാനത്തിലധികം ചിലവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത് എന്നർത്ഥം.
കൂടുതൽ മികവിലേക്ക് ആരോഗ്യമേഖലയെ നയിക്കാനുതകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയാണ്. 2016ൽ ആരോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 665 കോടി രൂപയായിരുന്നെങ്കിൽ ഇപ്പോഴത് നാലിരട്ടിലധികം വർധിച്ച് 2,828 കോടി രൂപയിലെത്തി നിൽക്കുന്നു. വർത്തമാനകാല പ്രതിസന്ധികളെ നേരിട്ടുകൊണ്ടുതന്നെ വരുംകാലത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുക്കുക തന്നെ ചെയ്യും എന്ന് അടിവരയിട്ടുറപ്പിക്കുന്നതാണ് ഈ കണക്കുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർദ്രം മിഷനിലൂടെ ദൃശ്യമായ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രികളെ ജനസൗഹൃദവും രോഗീ സൗഹൃദവുമാക്കുകയാണ് ലക്ഷ്യം. ആർദ്രം മിഷൻ രണ്ടിലൂടെ 10 കാര്യങ്ങൾ ലക്ഷ്യമിടുന്നു. പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിച്ച് 885 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 630 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും 6 മണിവരെ ഒപി ഉണ്ടാകണം. എങ്കിൽ മാത്രമേ പൂർണമായി സേവനം ലഭ്യമാക്കാനാകൂ. 160 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻക്യുഎഎസ്. ലഭിച്ചു. 10 ആരോഗ്യ സ്ഥാപനങ്ങൾക്ക് ലക്ഷ്യ സർട്ടിഫിക്കറ്റ് ലഭിച്ചു. ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കുന്നതിന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കി. 38 ആശുപത്രികളെ ജനകീയ പങ്കാളിത്തത്തോടെ ദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിടുന്നു. രാജ്യത്ത് ആദ്യമായി ആന്റിബയോഗ്രാം പുറത്തിറക്കി. ഓക്‌സിജൻ ഉത്പാദനത്തിൽ ആശുപത്രികളെ സ്വയംപര്യാപ്തമാക്കി. രാജ്യത്ത് ആദ്യമായി ഏകാരോഗ്യം നടപ്പിലാക്കി. ഡിജിറ്റലൈസേഷനിലൂടെ ആധുനികവത്ക്കരണത്തിന്റെ പുതിയ തലത്തിലേക്ക് ആരോഗ്യ വകുപ്പെത്തി. കാൻസർ ചികിത്സാ രംഗത്തും വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. വാർഷിക പരിശോധനയിലൂടെ 30 വയസിലൂടെ 1.12 കോടിയോളം പേരെ സ്‌ക്രീൻ ചെയ്യാൻ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്ര കുമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, ഐ.എസ്.എം. ഡയറക്ടർ ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി ഡയറക്ടർ ഡോ. കെ. ജമുന, വാർഡ് കൗൺസിലർ ഡോ. കെ.എസ്. റീന എന്നിവർ പങ്കെടുത്തു.