ആരോഗ്യപൂർണമായ ജീവിതത്തിന് മികച്ച ഒരു രോഗ പ്രതിരോധ സംവിധാനം അനിവാര്യമാണ്. കൊവിഡ് 19 സാഹചര്യത്തിൽ നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നത് അതിലും പ്രധാനമാണെന്ന് വിദഗ്ധർ പറയുന്നു. ആരോഗ്യം നിലനിർത്തുന്നതിനും മാരകമായ വൈറസിനെയും മറ്റ് രോഗങ്ങളെയും ചെറുക്കുന്നതിനും പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി കൂട്ടാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഗ്ലാമിയോ ഹെൽത്തിലെ ജനറൽ ഫിസിഷ്യൻ ഡോ. പ്രീത് പാൽ താക്കൂർ പറഞ്ഞു.
രോഗപ്രതിരോധ സംവിധാനത്തിന്റെ ഏകദേശം 80 ശതമാനവും കുടലിലാണ്. അതിനാൽ ആരോഗ്യകരമായ ഭക്ഷണക്രമവും പോഷണവും പ്രോത്സാഹിപ്പിക്കുന്നത് അണുബാധകളെ വേഗത്തിലും മികച്ചതിലും ചെറുക്കുന്നു. ആവശ്യത്തിന് പ്രോട്ടീൻ, സിങ്ക്, വിറ്റാമിൻ എ, ബി, സി, ഇ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തിന്റെ രൂപീകരണത്തിലും നിയന്ത്രണത്തിലും സഹായിക്കുകയും ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും ചെയ്യുന്നതായി ഡോ. പ്രീത് പാൽ പറഞ്ഞു.
ആരോഗ്യകരമായ ജീവിതത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് വ്യായാമം. കാരണം ഇത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. വ്യായാമം മെച്ചപ്പെട്ട ആരോഗ്യത്തിനും അതുവഴി ശക്തമായ പ്രതിരോധ സംവിധാനത്തിനും ഇടയാക്കും. വ്യായാമവും അതിന്റെ ഫലങ്ങളും വൈറസുകളെ ചെറുക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും നമ്മെ നേരിട്ട് പ്രാപ്തരാക്കും.