കാര്‍ബണ്‍ ന്യൂട്രല്‍ (കാര്‍ബണ്‍ സന്തുലിത) കേരളം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍വ്വഹണ രൂപരേഖ തയ്യാറാക്കാന്‍ വിദഗ്ധരെ പങ്കെടുപ്പിച്ച് ദ്വിദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നാളെയും മറ്റന്നാളും (ഏപ്രില്‍ 1, 2 തീയതികളില്‍) കോവളത്ത് വെള്ളാറിലുള്ള കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിലാണ് ശില്‍പ്പശാല. നാളെ (ഏപ്രില്‍ 1) രാവിലെ 10 മണിക്ക് തദ്ദേശ വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തുന്ന ശില്‍പ്പശാലയില്‍ നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ അധ്യക്ഷത വഹിക്കും. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്, ജലവിഭവ വികസന വിനിയോഗ കേന്ദ്രം, കാര്‍ഷിക സര്‍വ്വകലാശാല, സമുദ്ര പഠന സര്‍വ്വകലാശാല, കേരള വെറ്ററിനറി സര്‍വ്വകലാശാല, മറ്റു സര്‍വ്വകലാശാലകളിലെ പരിസ്ഥിതി വിഭാഗം, മോട്ടോര്‍ വാഹന വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കൃഷി വകുപ്പ്, വനം വകുപ്പ്, വന ഗവേഷണ കേന്ദ്രം, മണ്ണ് സംരക്ഷണ മണ്ണ് പര്യവേക്ഷണ വകുപ്പ്, ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ്, സംസ്ഥാന വൈദ്യുതി ബോര്‍ഡ്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, കെ.എസ്.ആര്‍.ടി.സി. തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും വിദഗ്ധരും പ്രതിനിധികളും ശില്‍പ്പശാലയില്‍ പങ്കെടുക്കും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യ കാരണങ്ങളിലൊന്ന് അന്തരീക്ഷ ഊഷ്മാവിലെ വര്‍ദ്ധനയാണ്. ഇതിന് കാരണം ഹരിതഗൃഹ വാതകങ്ങളായ കാര്‍ബണ്‍ ഡൈഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയവയുടെ അളവ് വര്‍ദ്ധിക്കുന്നതാണ്. ഇതില്‍ മുഖ്യമായും കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെയും മീഥേന്റെയും അളവാണ്. വിവിധ കാരണങ്ങള്‍ക്കൊപ്പം ആധുനിക ഉപഭോഗ സംസ്‌കാരവും ഇതിനിടയാക്കുന്നുണ്ട്. ബോധവത്കരണത്തിലൂടെയും പ്രായോഗികവും കാര്യക്ഷമതയുമുള്ള പകരം സംവിധാനങ്ങളുടെ പ്രചാരണത്തിലൂടെയും നിലവിലുള്ള ഹരിതഗൃഹ വാതക ബഹിര്‍ഗമനം ഘട്ടം ഘട്ടമായി കുറക്കാവുന്നതാണ്. ഇതിനുപുറമെ വിവിധ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിച്ചും കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ സംഭരണ പ്രക്രിയ വര്‍ദ്ധിപ്പിച്ചും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള നെറ്റ് സീറോ എമിഷന്‍ അവസ്ഥയിലേക്ക് ക്രമേണ എത്താനാവും. 2070 ഓടുകൂടി ഈ അവസ്ഥയിലേക്കെത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ 2050 ല്‍ കേരളത്തിന് ഈ അവസ്ഥ കൈവരിക്കാനാകണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി കേരളത്തിലെ വ്യത്യസ്തമായ ഭൗമ-കാലാവസ്ഥാ സാമൂഹിക സാഹചര്യങ്ങള്‍ക്കനുസൃതമായി അനുയോജ്യമായ നിര്‍വ്വഹണ രൂപരേഖ തയ്യാറാക്കിയെടുക്കലാണ് ശില്‍പ്പശാലയുടെ ലക്ഷ്യം. ഈ രൂപരേഖയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളേയും ഏജന്‍സികളേയും ഏകോപിപ്പിച്ച് ജനപങ്കാളിത്തത്തോടെ കാര്‍ബണ്‍ ന്യൂട്രല്‍ കേരളത്തിനായുള്ള പ്രായോഗിക സമീപനം രൂപപ്പെടുത്തുമെന്ന് നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍.സീമ അറിയിച്ചു.