November 21, 2024

Login to your account

Username *
Password *
Remember Me

സിനിമ വിദ്വേഷ പ്രചാരണായുധമായി ഉപയോഗിക്കുന്ന രീതി വർധിച്ചുവരുന്നതായി മുഖ്യമന്ത്രി

*53 -ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു

*ജെ.സി ഡാനിയൽ അവാർഡ് ടി. വി ചന്ദ്രനും ടെലിവിഷൻ ലൈഫ്‌ടൈം അച്ചീവ്‌മെൻറ് അവാർഡ് ശ്യാമപ്രസാദും ഏറ്റുവാങ്ങി


സിനിമയെ കലാരൂപം എന്ന നിലയ്ക്ക് അല്ലാതെ വർഗീയവിദ്വേഷ പ്രചാരണായുധം എന്ന നിലയ്ക്ക് ഉപയോഗിക്കുന്ന രീതി വർധിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നന്മയുടെയും സാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടാണ് കേരളം എന്ന യഥാർഥ പ്രതിച്ഛായ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇവിടത്തെ ചലച്ചിത്രപ്രവർത്തകർ ശ്രദ്ധിച്ചാൽ അത് നാടിനു വേണ്ടി ചെയ്യുന്ന ഏറ്റവും നല്ല കാര്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


53-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് (2022) വിതരണചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം തിരുവനന്തപുരം കനകക്കുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലമായ കലാവിഷ്‌ക്കാരം എന്ന നില വിട്ട് ആശയപ്രചാരണത്തിന് കൂടി സിനിമ ഉപയോഗിക്കപ്പെടുന്നുണ്ട്. ആശയപ്രചാരണം കാലത്മകമാണെങ്കിൽ തെറ്റില്ല. എന്നാൽ ഏതുതരത്തിലുള്ള ആശയങ്ങൾ എന്ന ചോദ്യം പ്രസക്തമാണ്. നാടിനെയും കാലത്തെയും മുന്നോട്ടു നയിക്കുന്ന മാധ്യമം എന്ന നിലയ്ക്ക് സിനിമ ഉപയോഗിക്കപ്പെടുന്നുണ്ട്. എം.ടിയുടെ 'നിർമ്മാല്യം' പോലുള്ള സിനിമകൾ ആ ഗണത്തിൽ വരുന്നതാണ്. എന്നാൽ ഇന്ന് അത്തരം സിനിമകൾ അധികം കാണാനാകുന്നില്ല. അന്ധകാരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ആശയം എന്ന നിലയിൽ സിനിമയെ ഉപയോഗിക്കുന്ന പ്രവണത കാര്യമായി കാണാനുണ്ട് താനും. ഇതിനു വർധിച്ച ശക്തി കൈവരുന്ന കാലന്തരീക്ഷം ദേശീയതലത്തിൽ നിലനിൽക്കുന്നു എന്നത് നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ദുരാചാരങ്ങളെയും ജാതി ജീർണതകൾ അരക്കിട്ടുറപ്പിക്കുന്ന ഭൂപ്രഭു സംസ്‌കാരങ്ങളെയും മഹത്വവൽക്കരിക്കുന്ന സിനിമകൾ ഉണ്ടാകുന്നു. ചാതുർവർണ്യം തിരിച്ചുവരുന്നതിനെ സ്വീകരിക്കാൻ ജനമനസ്സുകളെ പാകപ്പെടുത്തുന്ന വിധമുള്ള സിനിമകൾ ഉണ്ടാകുന്നു. സ്ത്രീ ശാക്തീകരണത്തെ നിർവീര്യമാക്കി ആണാധികാരത്തെ ആവർത്തിച്ചുറപ്പിക്കുന്ന സിനിമകൾ ഉണ്ടാകുന്നു. സമൂഹം ഏതൊക്കെ ഇരുട്ടിനെ മറികടന്നാണ് മുന്നോട്ടു വന്നിട്ടുള്ളത്, ആ കാലവും അതിന്റെ ജീർണതകളും ആണ് വാഴ്ത്തപ്പെടേണ്ടത് എന്ന നിലയ്ക്കുള്ള ജനസമ്മതി സൃഷ്ടിക്കാനുള്ള ശ്രമം ഉണ്ടാകുന്നു. ദുർമന്ത്രവാദവും നരബലിയും വരെ വാഴ്ത്തപ്പെടുന്ന സിനിമകൾ ഉണ്ടാകുന്നു.
ദേശീയതലത്തിൽ തന്നെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളിൽ അന്ധകാരം പടരുകയാണോ എന്ന ആശങ്ക വലിയതോതിൽ ഉയർന്നുവരികയാണ്. ഈ ഇരുട്ടിന്റെ നടുക്കടലിൽ വെളിച്ചത്തിന്റെ ദ്വീപ് പോലെ നിൽക്കുകയാണ് കേരളം. സ്‌നേഹവും സമഭാവനയും മതനിരപേക്ഷതയും നിലനിൽക്കുന്ന കൊച്ചു ദ്വീപ്. നന്മയുള്ള ഈ നാടിനെ കളങ്കപ്പെടുത്തി അവതരിപ്പിക്കാൻ കൂടി സിനിമ എന്നാൽ മാധ്യമം കഴിഞ്ഞകൊല്ലം ഉപയോഗിക്കപ്പെട്ടു. കേരളത്തിന്റെ കഥ എന്ന പേരിൽ കേരളത്തിന്റെതല്ലാത്ത കഥ സിനിമ എന്ന മാധ്യമം വഴി ചിലർ പ്രചരിപ്പിച്ചു.


സാമുദായിക ചേരിതിരിവ് സൃഷ്ടിച്ച് ജനങ്ങളെ ശത്രുപക്ഷത്ത് ആക്കാൻ ഉദ്ദേശിക്കപ്പെട്ട ഒരു സിനിമയാണത്. അതിനെ സിനിമ എന്ന് വിളിക്കുന്നത് പോലും ശരിയല്ല. യഥാർഥത്തിൽ അത് ഒരുതരം പ്രചാരണ ആയുധമാണ്, മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് ഒറ്റപ്പെട്ട സംഭവമല്ല; കാശ്മീരിന്റെ ഫയലുകൾ എന്നു പറഞ്ഞ് വർഗീയ വിദ്വേഷം പടർത്തുന്ന മറ്റൊരു സിനിമയും ഇതേ ഘട്ടത്തിൽ ഉണ്ടായി. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേൽ അവാർഡ് പ്രശസ്ത സംവിധായകൻ ടി.വി ചന്ദ്രനും ടെലിവിഷൻ ലൈഫ്‌ടൈം അച്ചീവ്‌മെൻറ് അവാർഡ് ശ്യാമപ്രസാദും മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. മികച്ച സിനിമയായ 'നൻപകൽ നേരത്തു മയക്ക'ത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നിർമാതാവ് സന്തോഷ് ടി. കുരുവിള, മികച്ച സംവിധായകൻ മഹേഷ് നാരായണൻ, മികച്ച നടി വിൻസി അലോഷ്യസ്, മികച്ച നടനായ മമ്മൂട്ടിക്ക് വേണ്ടി ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടനുള്ള ജൂറി പുരസ്‌കാരം പങ്കിട്ട കുഞ്ചാക്കോ ബോബൻ, അലൻസിയർ ലോപസ്, 'ന്നാ താൻ കേസുകൊട്' ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, തുടങ്ങിയവർ മുഖ്യമന്ത്രിയിൽനിന്ന് അവാർഡുകൾ സ്വീകരിച്ചു.


ആകെ 35 വിഭാഗങ്ങളിലായി 47 പുരസ്‌കാരങ്ങൾ ആണ് വിതരണം ചെയ്തത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു ഗുണത്തിലും എണ്ണത്തിലും മലയാളസിനിമ വളർന്നുകൊണ്ടിരിക്കുകയാണ് എന്നാണ് അവാർഡുകൾ തെളിയിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മന്ത്രിമാരായ വി ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു, ജൂറി ചെയർമാൻ ഗൗതം ഘോഷ്, വി.കെ പ്രശാന്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, മധുപാൽ, സംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവർ പങ്കെടുത്തു. തുടർന്ന് പി ഭാസ്‌കരന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചു ‘ഹേമന്തയാമിനി’ എന്ന സംഗീതനിശ അരങ്ങേറി.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.