November 21, 2024

Login to your account

Username *
Password *
Remember Me

സമഗ്ര സിനിമ, ടെലിവിഷൻ നയം രൂപീകരിക്കും: മന്ത്രി സജി ചെറിയാൻ

*വനിത കമ്മിഷന്റെ പബ്ലിക് ഹിയറിംഗിനു തുടക്കമായി


ലിംഗ നീതിയും തുല്യതയും ഉറപ്പാക്കിയുള്ള സമഗ്ര സിനിമ, ടെലിവിഷൻ നയത്തിന് ഉടൻ അന്തിമ രൂപം നൽകുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മലയാളം ടെലിവിഷൻ സീരിയൽ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിന് കേരള വനിത കമ്മിഷൻ തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിൽ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായി അതതു മേഖലകളിൽ പണിയെടുക്കുന്ന ആളുകളുടെ അഭിപ്രായങ്ങൾ കേൾക്കാനും സ്വീകരിക്കാനുമാണ് പബ്ലിക് ഹിയറിംഗ് ഒരുക്കിയത്. സംസ്ഥാനമൊട്ടാകെ ഇത്തരത്തിൽ പതിനൊന്ന് ഹിയറിംഗുകളാണ് വനിത കമ്മീഷൻ സംഘടിപ്പിക്കുന്നത്. സ്ത്രീകളുടെ ഉന്നമനവും സംരക്ഷണവും ലക്ഷ്യമാക്കി 1996-ലാണ് വനിതാകമ്മീഷൻ രൂപീകരിക്കുന്നത്.


നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ പുരോഗമന ചിന്തയുടെയും ഭാഗമായി സ്ത്രീകൾ എല്ലാ മേഖലയിലേക്കും കടന്നു വരുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വിവിധ സേനാ വിഭാഗങ്ങളിലുൾപ്പെടെ പരമ്പരാഗതമായി പുരുഷന്മാർ തൊഴിലെടുത്ത പല തസ്തികകളിലും സ്ത്രീകൾക്ക് നിയമനം അനുവദിച്ചു. തുല്യത നടപ്പിലാക്കുന്നതിന് ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കണം. അതിന്റെ ഭാഗമായിട്ടാണ് വനിതാ സീരിയൽ താരങ്ങളുടെ അഭിപ്രായം തേടുന്നത്. ഈ മേഖലയൽ അടക്കം വിവേചനങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. വിവേചനത്തോടെയുള്ള തൊഴിൽ നിഷേധവും അതിക്രമങ്ങളും അനുവദിക്കില്ല. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കി തയാറാക്കിയ ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് അന്തിമ ഘട്ടത്തിലാണ്. ഇതിന്റെ തുടർച്ചയെന്നോണം ടെലിവിഷൻ സീരിയൽ രംഗത്തുള്ളവർക്കും സുരക്ഷയൊരുക്കുക എന്നതാണ് സർക്കാർ ലക്ഷ്യമാക്കുന്നത്. ഇതിന്റെ സമഗ്രതയ്ക്കായി ഉടൻ തന്നെ കോൺക്ലേവ് സംഘടിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിലും സംരംഭകത്വങ്ങളിലും വനിത പ്രാതിനിധ്യം വർധിക്കുന്ന സാഹചര്യം പ്രതീക്ഷ നൽകുന്നു. തുല്യതയ്ക്കായി പൊതു സമൂഹത്തിന്റെ മനോഭാവം ഘട്ടം ഘട്ടമായി പൂർണമായി മാറുന്നതിന് വനിത കമ്മീഷൻ നേതൃത്വം നൽകുന്ന പരിപാടി സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.


സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച വനിത കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു. പബ്ലിക് ഹിയറിംഗിന്റെ ഭാഗമായി 11 മേഖലകളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരത്തിനായി സർക്കാരിനു ശിപാർശ നൽകും. സീരിയൽ മേഖലയിലെ സംഘടനകൾ പബ്ലിക് ഹിയറിംഗുമായി സഹകരിക്കുന്നതിന് മുന്നോട്ടുവന്നത് അഭിനന്ദനാർഹമാണെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു. വനിത കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി.ആർ. മഹിളാമണി, കേരള വനിതാ കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, കേരള വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി സോണിയ വാഷിംഗ്ടൺ, പ്രൊജക്ട് ഓഫീസർ എൻ. ദിവ്യ, സിനിമ, ടെലിവിഷൻ രംഗത്തെ സംവിധായകർ, അഭിനേതാക്കൾ, സ്‌ക്രിപ്റ്റ് റൈറ്റർമാർ, സാങ്കേതിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.