കേരളം ഇന്നേവരെ കൈവരിച്ച നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ ഒരുക്കുന്ന കേരളീയം 2023 ജനകീയോത്സവത്തിന് ആശംസയുമായി നടൻ മോഹൻലാൽ. നടന്റെ വീഡിയോ സന്ദേശം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ ഷെയർ ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയൻ.
മലയാളി ആയതിലും കേരളത്തിൽ ജനിച്ചതിലും ഏറെ അഭിമാനിക്കുന്നുവെന്നും മലയാളി എന്ന നിലയിൽ രണ്ടു കാര്യങ്ങളിലാണ് തനിക്ക് അഭിമാനം തോന്നിയിട്ടുള്ളത് എന്നും മോഹൻലാൽ പറയുകയുണ്ടായി. ലോകത്തെവിടെച്ചെന്നാലും കേരളത്തെ അറിയുക വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും പേരിലാണ്.അതു മലയാളിക്കു മാത്രം അവകാശപ്പെട്ടതാണ്. ലോകത്തെവിടെയും നിർണായകസ്ഥാനങ്ങളിൽ മലയാളികളുണ്ടാകും. താൻ പ്രവർത്തിക്കുന്ന മലയാളസിനിമയിലാണെന്നതിലും ഏറെ അഭിമാനമുണ്ട്. കേരളീയത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശങ്ങളുമായി മലയാളികളുടെ പ്രിയ ഗായിക കെ.എസ്. ചിത്ര, യുവനടൻ ഷെയ്ൻ നിഗം, സിനിമാ നിർമാതാവ് സാന്ദ്രാ തോമസ്, എഴുത്തുകാരനായ ജി.ആർ. ഇന്ദുഗോപൻ തുടങ്ങി സിനിമാ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ നിരവധി പ്രമുഖർ രംഗത്ത് എത്തിയിരുന്നു.