March 28, 2024

Login to your account

Username *
Password *
Remember Me

ഫോക്കുമായി ജോബ്, റോക്കുമായി ഷോഫി ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവല്‍ ഫുള്‍ സ്വിങ്ങിൽ

സദസിനെ നൃത്തം ചെയ്യിച്ചു ജോബ് കുര്യന്റെ ഫോക് മ്യൂസിക്. ഹാര്‍ഡ് റോക്കിന്റെ അലകളുമായി അമേരിക്കയിൽനിന്നു സാമി ഷോഫി. പോപ്പ് മാന്ത്രികത തീർത്തു ചന്ദന രാജേഷ്. പലവിധ സംഗീതശാഖകള്‍ സമന്വയിപ്പിച്ച് താമരശ്ശേരി ചുരം. രണ്ടാം ദിനം പാടിയാടിത്തിമിർത്തപ്പോള്‍ കോവളത്ത് കേരള ആര്‍ട്ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവല്‍ ഫുള്‍ സ്വിങ്ങിൽ.
ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിന്റെ രണ്ടാംദിനമായ വ്യാഴാഴ്ച അരങ്ങിലെത്തിയത് നാലു ബാന്‍ഡുകൾ. ജോബ് കുര്യന്റെ പ്രകടനത്തിനായി വിദേശികളും സ്വദേശികളുമായ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. പ്രേക്ഷകര്‍ മാത്രമല്ല, ഫെസ്റ്റിവലിനായി കോവളത്ത് എത്തിയ പാപ്പുവ ന്യൂ ഗിനി ഗായകന്‍ ആൻസ്ലോമും ജോബിന്റെ പാട്ടുകള്‍ കേള്‍ക്കാനാണു കാത്തിരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടിരുന്നു. മൂന്നാമത്തെ പെര്‍ഫോമറായാണ് ജോബ് വേദിയിലെത്തിയത്. ആരാധകരെ ജോബ് നിരാശപ്പെടുത്തിയില്ല. ജോബിന്റെ ഹിറ്റുകളായ നാടന്‍ ഈണങ്ങള്‍ ഫെസ്റ്റിവല്‍ വേദിയെ ത്രസിപ്പിച്ചു.
രണ്ടാം ദിനത്തിലെ ആദ്യപ്രകടനമായ യുവഗായിക ചന്ദന രാജേഷിന്റെ പോപ്പ് സംഗീതം സദസിന്റെ പ്രശംസ പിടിച്ചുപറ്റി. കര്‍ണാടകസംഗീതത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചന്ദനയുടെ സംഗീതം. പതിമൂന്നാം വയസില്‍ അച്ഛനും സംഗീതസംവിധായകനുമായ രാജേഷ് വിജയുടെ ഗാനങ്ങള്‍ ആലപിച്ചു സംഗീതയാത്ര ആരംഭിച്ച ചന്ദന മലയാളത്തിലും തമിഴിലും നിരവധി സിനിമാഗാനങ്ങളടക്കം ആലപിച്ചിട്ടുണ്ട്. ഐഐഎംഎഫിന്റെ വേദിയില്‍ പുതിയ അനുഭവമായി ചന്ദനയുടെ ആലാപനം.
താമരശ്ശേരി ചുരം ബാന്‍ഡിന്റെ തകര്‍പ്പന്‍ ഫോക് ഈണങ്ങൾക്കൊത്തും സദസ് നൃത്തച്ചുവടുകള്‍ വച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഡ്രമ്മര്‍ ആദര്‍ശ് ആസ്വാദകർക്കു വിസ്മയമായി. ബാന്‍ഡ് ആരംഭിച്ച 2011 മുതല്‍ വളരെ ചെറിയ പ്രായത്തില്‍ത്തന്നെ വേദികളിലെ നിറസാന്നിധ്യമാണ് ആദർശ്. ഐഐഎംഎഫ് വേദിയിലും ആദര്‍ശിനും ബാന്‍ഡിനും ലഭിച്ചത് മനസുനിറഞ്ഞ കൈയടി. സഹോദരങ്ങളായ ബാന്‍ഡ് അംഗങ്ങള്‍ അഞ്ജയ് ലതീഷും ആദര്‍ശ് ലതീഷും സദസിൻ്റെ സ്നേഹം കവർന്നു. പ്രജിത് പ്രസന്നൻ, ആകാശ് ചന്ദ്രൻ, ഹുസൈൻ, അഭിജിത് നമ്പ്യാർ, അജു വിജയ്, മുബാരിസ് എന്നിവരാണ് താമരശ്ശേരി ചുരത്തിലെ മറ്റു കലാകാരരും സാങ്കേതികവിദഗ്ദ്ധരും.
റോക് സംഗീതപ്രേമികള്‍ക്കിടയില്‍ പ്രശസ്തനായ സാമി ഷോഫിയുടെ പാട്ടുകൾ മേളയുടെ ആവേശം വാനോളം ഉയർത്തി. രണ്ടാം ദിനത്തിലെ അവസാന പ്രകടനമായിരുന്നു ഷോഫിയുടേത്. ഷോഫിക്കൊപ്പം ഡ്രം വായി ബംഗലൂരു സ്വദേശിനി 16-കാരി നിവേദിതഒരുക്കിയ ചടുലമായ താളപ്രപഞ്ചം നൃത്തത്തിന് ഊർജ്ജം പകർന്നു. കേരളത്തിൽ വേരുള്ള നിവേദിതയ്ക്കൊപ്പം ബേസ് ഗിറ്റാറിസ്റ്റായ ശാലിനി മോഹൻ, സൈറ എന്നീ കേരളീയരും അരങ്ങു പങ്കുവച്ചു.
അമേരിക്കയിലെ ജനപ്രിയ ഹാര്‍ഡ് റോക്ക് ഗായകനായ ഷോഫി ബ്രസീല്‍ പര്യടനം പൂര്‍ത്തിയാക്കിയതിനു തൊട്ടു പിന്നാലെയാണ് ഐഐഎംഎഫിനായി കേരളത്തില്‍ എത്തിയത്. ഗായകനും പാട്ടെഴുത്തുകാരനുമാണ് അമേരിക്കയിലെ സിയാറ്റിലില്‍നിന്നുള്ള സാമി ഷോഫി. ഇന്ത്യയില്‍ മുന്‍പും ടൂര്‍ നടത്തുകയും ഗാനങ്ങള്‍ ഇവിടെ ചിത്രീകരിക്കുകയും ചെയ്തിട്ടുള്ള സാമിയുടെ റോക് സംഗീതത്തോടെ രണ്ടാം ദിനം 'ഹൈ നോട്ടി'ല്‍ അവസാനിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.