കേരള ആര്‍ട്ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലില്‍ ശനിയാഴ്ച്ച ഹരീഷ് ശിവരാമകൃഷ്ണന്റെ 'അഗം' ബാന്‍ഡ് എത്തും. കര്‍ണാടിക് റോക്കില്‍ പ്രശസ്തമായ അഗത്തിന് തലസ്ഥാനത്തും ആരാധകര്‍ ഏറെയാണ്. കര്‍ണാടകസംഗീതത്തിലെ രത്നങ്ങളായ രംഗപുരവിഹാരയും ബണ്ടുരീതിയുമെല്ലാം അഗത്തിന്റെ സവിശേഷശൈലിയില്‍ അവതരിപ്പിക്കുന്നത് യുവതലമുറയുടെ പ്രിയഗാനങ്ങളാണ്. അതുകൊണ്ടുതന്നെ അഗത്തിന്റെ പ്രകടനത്തിനു നിറഞ്ഞ സദസാണു പ്രതീക്ഷിക്കുന്നത്. രാത്രി ഒന്‍പതിനു നാലാം ദിനത്തിലെ അവസാന ബാൻഡായാണ് അഗം എത്തുക.
അതിനു മുന്‍പായി എട്ട് മണിക്ക് അരങ്ങു നിറയുന്ന സിംഗപ്പൂരില്‍നിന്നുള്ള 'രുദ്ര'യും സംഗീതപ്രേമികൾ കാത്തിരിക്കുന്ന ബാൻഡാണ്. 1992-ല്‍ ആരംഭിച്ച രുദ്ര അവരുടെ സംഗീതത്തിന്റെ മാത്രമല്ല പാട്ടുകളുടെ വരികളുടെ പേരിലും സവിശേഷമാണ്. വേദസാഹിത്യം, മന്ത്രങ്ങള്‍ എന്നിവ അടങ്ങുന്നതാണ് ഇവരുടെ പാട്ടുകള്‍. ബ്രഹ്മവിദ്യ, കുരുക്ഷേത്ര തുടങ്ങിയ ഇവരുടെ ആല്‍ബങ്ങള്‍ ഹിറ്റുകളാണ്. വേദിക് മെറ്റല്‍ എന്നാണ് രുദ്ര അവരുടെ സംഗീതശാഖയെ വിശേഷിപ്പിക്കുന്നത്.
ശനിയാഴ്ചത്തെ തുടക്കം ഇന്നര്‍ സാങ്റ്റത്തിൻ്റെ സംഗീതവിരുന്നോടെയാണ്. ഇന്ത്യയില്‍ ഇന്ന് ഏറ്റവും പ്രചാരത്തിലുള്ള ഹെവി ത്രാഷ് മെറ്റല്‍ ബാന്‍ഡുകളിലൊന്നാണ് ഇന്നര്‍ സാങ്റ്റം. ഏഴുമണിക്ക് അരങ്ങുണർത്തുന്ന കെയോസ് ബാന്‍ഡും ത്രാഷ് മെറ്റല്‍ ബാന്‍ഡാണ്. തിരുവനന്തപുരത്തുനിന്നുള്ള ബാൻഡ് ആയതുകൊണ്ട് കെയോസിന്റെ ആരാധകര്‍ കൂടുതലായി എത്തിച്ചേരുമെന്നും പ്രതീക്ഷിക്കുന്നു.