തിരുവനന്തപുരം : ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പുറത്തിറങ്ങിയ "ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ " എന്ന സിനിമയുടെ അAണിയറ പ്രവർത്തകരെ ഭാരതീയ പാരമ്പര്യ നാട്ടു ചികിത്സാ സംഘത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. സിനിമയുടെ പ്രോജക്ട് ഡിസൈനർ സർ സോഹൻ റോയിയേയും സിനിമയുടെ അണിയറ പ്രവർത്തകരേയുമാണ് ആദരിച്ചത്. രണ്ടാം തവണയാണ് പാരമ്പര്യ വൈദ്യന്മാരുടെ സംഘടനയുടെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള ഒരു ആദരിക്കൽ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഭാരതീയ പാരമ്പര്യ ചികിത്സയുടെ പ്രാധാന്യവും ആവശ്യകതയും സിനിമയിലൂടെ സമൂഹ മനസ്സിലേക്ക് എത്തിക്കുവാൻ ശ്രമിച്ചതിനായിരുന്നു ഇത്.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി വി ബാലകൃഷ്ണനും മറ്റ് അംഗങ്ങളും ചേർന്നാണ് ആദരവ് നൽകിയത്. ജനങ്ങളുടെ ഹൃദയങ്ങളിൽ സിനിമ സ്ഥാനം പിടിച്ചു എന്നതിന്റെ ഉദാഹരണമാണ് സിനിമ റിലീസ് ചെയ്തു നാലു വർഷങ്ങൾക്ക് ശേഷമുള്ള ഈ അംഗീകാരം.സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിയാൻ , സംവിധായകൻ ബിജു മജീദ്, സംഗീത സംവിധായകൻ ബിജു റാം, പി. സി ലാൽ (ക്യാമറ ) ഹൃദ്യ നിജിലേഷ് , നിജിലേഷ് തുടങ്ങിയവരെയും ചടങ്ങിൽ വച്ച് ആദരിച്ചു.
പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ഏരീസ് പ്ലക്സ് എസ് എൽ സിനിമാസിൽ രാവിലെ 11 മണി മുതൽ " ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ " എന്ന സിനിമയുടെ പ്രദർശനവും നടന്നു. സിനിമ കണ്ട് ഇറങ്ങിയ വൈദ്യന്മാരുടെ പ്രതികരണം പലതും കണ്ണുനീർ നിറഞ്ഞതായിരുന്നു. പലരുടെയും യഥാർത്ഥ ജീവിതം സിനിമയിലൂടെ കാണാൻ സാധിച്ചു എന്നും ഇത്തരത്തിലുള്ള സിനിമകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി സ്കൂൾ തലങ്ങൾ മുതൽ പ്രദർശനം നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്നും ഭാരതീയ പാരമ്പര്യ നാട്ടു ചികിത്സാ സംഘം ഭാരവാഹികൾ പറഞ്ഞു .കേരളത്തിലെ പാരമ്പര്യ വൈദ്യ സമൂഹം നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും സിനിമയിൽ കൃത്യമായി വരച്ചുകാട്ടിയിട്ടുണ്ടെന്നും
നാട്ടു ചികിത്സ സംഘം പ്രവർത്തകർ പറഞ്ഞു.
ഏതൊരു സംരംഭത്തിനും അതിന്റെതായ മൂല്യവും നിലനിൽപ്പും ഉണ്ടെന്നും വൈദ്യ മേഖലയെയും പാരമ്പര്യയെ ചികിത്സയെയും വിൽപ്പന നടത്താനുള്ള ഒരു ഉപാധിയായി ആരും കാണരുതെന്നും ഈ സിനിമ വർഷങ്ങളോളം നിലനിൽക്കുമെന്നും മറുപടി പ്രസംഗത്തിൽ സോഹൻ റോയ് പറഞ്ഞു. . നൈസ് ആക്ഷൻ കൗൺസിൽ ചെയർമാൻ തമ്പി നാഗാർജുന അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന സമിതി അംഗം അരികുഴ വാസുദേവൻ സ്വാഗതം പറഞ്ഞു. എറണാകുളം ജില്ലാ സെക്രട്ടറി ഷാൻ, തങ്കപ്പൻ , ഗ്രേസ് ബിജോ , ഷിന്റോ കട്ടപ്പന, തുടങ്ങിയവർ ആശംസകൾ നേർന്നു.