വിവിധ ദേശങ്ങളിലെയും സംസ്കാരങ്ങളിലെയും വാദ്യോപകരണങ്ങളുമായി സംഗീതകലാകാരർ. അവർ സദസ്സിനിടയിലൂടെ സഞ്ചരിച്ച് അനുവാദം വാങ്ങി സ്റ്റേജിലേക്ക്. ഊരാളിയുടെ സ്പാനിഷ്-ഇന്ത്യന്‍ മിക്‌സ് ഗാനത്തിന്റെ ബീറ്റോടെ ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിന് തുടക്കമായി. തുടനൃന്ന് അർനഗിലെത്തിയ പിയെത്രോ നനൂചി എന്ന ഗായകനും റോക് ഫ്ലവേഴ്‌സ് എന്ന ഇറ്റാലിയന്‍ ബാന്‍ഡും ഒരുക്കിയ മള്‍ട്ടി-ഷോണർ ഹിപ്പ്‌ഹോപ്പില്‍ പാപ്പുവ ന്യൂ ഗിനിയില്‍നിന്നുള്ള ആൻസ്ലോമിൻ്റെ തദ്ദേശീയസംഗീതവും ആസ്വാദകകേരളത്തിനു നവീനാനുഭവമായി.
ഊരാളിയുടെ ഹിറ്റ് ഗാനമായ 'വരിക വരിക പൊലിക' മുഴങ്ങുമ്പോഴേ കോവളത്തെ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെ തുറന്ന വേദിയിൽ കൂടിയ ആരാധകർ താളത്തിനൊപ്പം നൃത്തം തുടങ്ങി. തുമ്മരുത്, ഇഞ്ഞീം വേണം തുടങ്ങിയ പോപ്പുലര്‍ ഹിറ്റുകളുമായി ആസ്വാദകരെ ആനന്ദനൃത്തത്തിലെത്തിച്ച ബാൻഡ് നിറഞ്ഞ സദസിൻ്റെ സംഗീതബോധം അറിഞ്ഞുതന്നെ പാടി. കഥയും കാര്യവും ഉള്‍ക്കൊള്ളുന്ന ഊരാളിയുടെ പാട്ടുകളും ബസ്സും എല്ലാം തലസ്ഥാനത്തെ ആരാധകര്‍ ഏറ്റെടുത്തു. ഏറെയും ചെറുപ്പക്കാര്‍ ആയിരുന്ന സദസ്സിൻ്റെ പള്‍സ് അറിയുന്ന ഗാനങ്ങളും അതിലൂടെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങളുമായി ഊരാളി വേദിയെ ത്രസിപ്പിച്ചു.
റോക് ഫ്ലവേഴ്‌സ് എന്ന ഇറ്റാലിയന്‍ ബാന്‍ഡാണ് ഊരാളിക്ക് ശേഷം വേദിയിലെത്തിയത്. പിയെത്രോ നനൂചി നയിച്ച മള്‍ട്ടി-ഷോണര്‍ സംഗീതം മേളയ്ക്കു രാജ്യാന്തരവേദിയുടെ ഗാംഭീര്യം പകർന്നു. പുതിയകാലത്തിന്റെ തത്വചിന്തയും വികാരങ്ങളും അടങ്ങുന്ന ഗാനങ്ങളാണ് റോക് ഫ്ലവേഴ്‌സ് വേദിയിലെത്തിച്ചത്.
പാപ്പുവ ന്യൂ ഗിനിയില്‍ നിന്നുള്ള ഗായകന്‍ ആന്‍സ്ലോമും ആസ്വാദകരുടെ പ്രിയം പിടിച്ചുപറ്റി. ഗായകനായും അഭയാര്‍ത്ഥികള്‍ക്കായുള്ള സാംസ്‌കാരിക വക്താവായും ആ രാജ്യത്തിൻ്റെ കൾച്ചറൽ അംബാസഡറായും ഒക്കെ പ്രശസ്തനാണ് ആൻസ്ലോം. അദ്ദേഹത്തിൻ്റെ ഹിറ്റ് ഗാനമായ 'ഐ വില്‍ ലവ് യൂ' ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ ആന്‍സ്ലോം ഐഐഎംഎഫ് വേദിയില്‍ അവതരിപ്പിച്ചു. ആദ്യദിനത്തിലെ അവസാന പെര്‍ഫോമറായി എത്തിയ ആൻസ്ലോം പാപ്പുവാ ന്യൂ ഗിനിയന്‍ സംഗീതത്തിന്റെ പുത്തന്‍ ലോകമാണ് കോവളത്തിനായി അവതരിപ്പിച്ചത്.