262 സിനിമകൾ ,1200 പ്രതിനിധികൾ ,250 ഓളം അതിഥികൾ.
തിരുവനന്തപുരം: പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ആഗസ്റ്റ് 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.കൈരളി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും . മന്ത്രിമാരായ ആന്റണിരാജു ,വി ശിവൻകുട്ടി ,ജി ആർ അനിൽ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഉദ്ഘാടന ചിത്രം പ്രദർശിപ്പിക്കും. കൈരളി ,ശ്രീ ,നിള തിയേറ്ററുകളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് .വിവിധ രാജ്യാന്തര മല്സര വേദികളിൽ പ്രദർശിപ്പിച്ച 19 ചിത്രങ്ങൾ ഉൾപ്പടെ 262 സിനിമകൾ വെള്ളിയാഴ്ച ആരംഭിക്കുന്ന മേളയിൽ പ്രദർശിപ്പിക്കും. ലോങ്ങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, അന്താരാഷ്ട്ര ഷോർട്ട് ഫിക്ഷൻ, ക്യാമ്പസ് ഫിലിംസ് ,മത്സരേതര മലയാളം വിഭാഗം, ഹോമേജ് ,അനിമേഷൻ, മ്യൂസിക് വീഡിയോ തുടങ്ങി 12 വിഭാഗങ്ങളിലായാണ് ചിത്രങ്ങളുടെ പ്രദർശനം.
ലോങ്ങ് ഡോക്യുമെന്ററി മത്സര വിഭാഗത്തിൽ 13 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത് ,എ ഹോം ഫോർ മൈ ഹേർട്ട്, എ-കെ-എ,ലേഡീസ് ഒൺലി തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ഷോർട്ട് ഡോക്യുമെന്ററി മത്സര വിഭാഗത്തിൽ ഗോപി,ഫാന്റസി പാർക്ക് ,മൈ സൺ ആൻഡ് ഹിസ് ഗ്രാൻഡ് ഫാദർ ,ന്യൂ ക്ലാസ്സ് റൂം, എന്നിവ ഉൾപ്പടെ 18 ചിത്രങ്ങളാണ് മേളയിലെത്തുക. അന്താരാഷ്ട്ര ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ 24 ചിത്രങ്ങളും മത്സരേതര മലയാളം വിഭാഗത്തിൽ ഒൻപതു ചിത്രങ്ങളും പ്രദർശനത്തിനെത്തും. അരികെ,മഞ്ചാടിക്കാലം എന്നീ മലയാളം ചിത്രം ഉൾപ്പടെ ഒൻപതു അനിമേഷൻ ചിത്രങ്ങളും ഡിസംബർ ,ധൂപ്, ലിജിൻ ജോസ് ഒരുക്കിയ യുവേഴ്സ് ഈസ് നോട്ട് റ്റു റീസെൻ വൈ തുടങ്ങിയ നാലു മ്യൂസിക്കൽ വീഡിയോകളും മേളയിലുണ്ട്.
ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ഡോക്യുമെന്‍ററി സംവിധായിക റീന മോഹന്റെ എട്ടു ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഫിക്ഷൻ, നോൺ ഫിക്ഷൻ വിഭാഗങ്ങളിലായി ദേശീയ മത്സരവും സംസ്ഥാനാടിസ്ഥാനത്തിൽ ക്യാമ്പസ് വിഭാഗ മത്സരവും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1200 ഓളം പ്രതിനിധികളും റീന മോഹൻ ,അഞ്ജലി മൊണ്ടേറിയോ ,ജോഷി ജോസഫ് ,ഉറുദു സംവിധായകനായ ഡാനിഷ് റിങ്‌സു ,ബംഗാളി സംവിധായകനായ സോമനാഥ് മൊണ്ടാൽ, എന്നിവർ ഉൾപ്പടെ 250 ഓളം ചലച്ചിത്ര പ്രവർത്തകർ മേളയുടെ ഭാഗമാകും. ബ്രസീലിയൻ സംവിധായകനായ ബ്രൂണോ റിബേറോയുടെ സൺഡേ മോണിങ് ,ട്രാപ്പ് എന്നിവ ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മേളകളില്‍ പുരസ്കാരങ്ങള്‍ നേടിയ 19 സിനിമകള്‍ ഇത്തവണ മേളയുടെ ബെസ്റ്റ് ഓഫ് ദി വേൾഡ് വിഭാഗത്തിൽ പ്രദര്‍ശിപ്പിക്കും.ഐ ഫോണില്‍ ചിത്രീകരിച്ച ചിത്രങ്ങളുടെ പാക്കേജിൽ അഞ്ചു ചിത്രങ്ങളും, യുദ്ധത്തിന്റെ മുറിവുകള്‍ തുറന്നുകാട്ടുന്ന ചിത്രങ്ങളുടെ പ്രത്യേക പാക്കേജും മേളയിലുണ്ടാകും.
മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ സംവിധായകരുമായി സംവദിക്കാന്‍ മീറ്റ് ദി ഡയറക്ടര്‍, ഡോക്യുമെന്‍ററി, ഹ്രസ്വചിത്ര നിര്‍മ്മാണ രംഗത്തെ സമകാലിക പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്ന ഫേസ് റ്റു ഫേസ്, മേളയില്‍ പങ്കെടുക്കുന്ന പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരുമായുള്ള ഇന്‍ കോണ്‍വര്‍സേഷന്‍ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.