ചലച്ചിത്രങ്ങളുടെ സാങ്കേതിക പരിണാമവും സിനിമയുടെ കഥാപരിണാമവും അടയാളപ്പെടുത്തുന്ന അവിസ്മരണീയ മുഹൂർത്തങ്ങളുമായി രാജ്യാന്തര മേളയുടെ സിഗ്നേച്ചർ ചിത്രം. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ അനിമേഷൻ ചിത്രത്തിലാണ് സിനിമയുടെ ആരംഭം മുതൽ ഓ ടി ടി വരെയുള്ള മാറ്റവും ഡ്രൈവ് ഇൻ തിയേറ്റർ വരെയുള്ള സിനിമാക്കാഴ്ചകളും അടയാളപ്പെടുത്തുന്നത്.
പ്രമുഖ ഇല്ലസ്ട്രേറ്റർ ഗിരീഷ് എ വി യാണ് തോൽപ്പാവ കൂത്തിൽ തുടങ്ങി മൾട്ടി പ്ലക്‌സ് വരെ എത്തി നിൽക്കുന്ന കാഴ്ചയുടെ പരിണാമം ഒരുക്കിയിരിക്കുന്നത് .ലോകക്ലാസിക്കുകൾ മുതൽ ന്യു ജെൻ ചിത്രങ്ങൾ വരെ മുപ്പതോളം ചലച്ചിത്രങ്ങളുടെ ഫ്രെയിമുകളാണ് നാല്പത്തി മൂന്നു സെക്കന്റ് ദൈർഘ്യമുള്ള സിഗ്നേച്ചർ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .
അനന്ത പുരിയുടെ ചരിത്രം അടയാളപ്പെടുത്തുന്ന സ്ഥലങ്ങളുടേയും സംസ്‌കൃതിയുടേയും പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.