ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയിസിന്‌റെ ആക്ഷന്‍ ചിത്രം മിഷന്‍ ഇംപോസിബിള്‍ 7 ചിത്രീകരണം വീണ്ടും നിര്‍ത്തിവെച്ചു. അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ഷൂട്ടിംഗ് നിര്‍ത്തിയത്. പാരമൗണ്ട് പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഇംഗ്ലണ്ടിലാണ് നടന്നത്. അണിയറ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെ ജൂണ്‍ 14 വരെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചതായാണ് വിവരം. നിലവില്‍ എല്ലാവരും സെല്‍ഫ് ക്വാറന്റൈനിലാണ്. അതേസമയം സെറ്റിലുണ്ടായിരുന്ന മറ്റാര്‍ക്കെങ്കിലും കോവിഡ് സ്ഥീരികരിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.
എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും എടുത്താണ് ചിത്രീകരണം നടന്നിരുന്നതെന്ന് സിനിമയുമായി ബന്ധപ്പെട്ട ഒരാള്‍ അറിയിച്ചു. ഇനിയും അത് തുടരുമെന്നും ഇദ്ദേഹം പറഞ്ഞു. കോവിഡ് സാഹചര്യം കൊണ്ടാണ് ടോം ക്രൂയിസ് സിനിമയുടെ ചിത്രീകരണം ഇത്രയും നാള്‍ നീണ്ടുപോയത്. കഴിഞ്ഞ വര്‍ഷം കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അണിയറ പ്രവര്‍ത്തകരോട് ടോം ക്രൂയിസ് ദേഷ്യപ്പെട്ടിരുന്നു.
ഇതിന്‌റെ ഓഡിയോ അന്ന് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. വൈറസ് പകര്‍ന്നാല്‍ ഇന്‍ഡസ്ട്രി മൊത്തം അടച്ചുപൂട്ടേണ്ടി വരുമെന്നും ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചാല്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പം ജോലി ചെയ്യില്ലെന്നുമാണ് അന്ന് നടന്‍ മുന്നറിയിപ്പ് നല്‍കിയത്. അതേസമയം ക്രിസ്റ്റഫര്‍ മക്വാറിയാണ് ഇത്തവണയും മിഷന്‍ ഇംപോസിബിള്‍ സംവിധാനം ചെയ്യുന്നത്.
മിഷന്‍ ഇംപോസിബിള്‍ റോഗ് നേഷന്‍, മിഷന്‍ ഇംപോസിബിള്‍ ഫാളൗട്ട് തുടങ്ങിയ ചിത്രങ്ങളും ക്രിസ്റ്റഫറിന്‌റെ സംവിധാനത്തിലാണ് ഒരുങ്ങിയത്. ഏതന്‍ ഹണ്ട് എന്ന ടോം ക്രൂയിസിന്‌റെ ജനപ്രിയ കഥാപാത്രത്തിന്‌റെ തിരിച്ചുവരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മുന്‍പ് സിനിമയിലെ സാഹസിക രംഗങ്ങള്‍ ചെയ്യുന്ന ടോം ക്രൂയിസിന്‌റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ബൈക്കില്‍ നിന്നും വലിയൊരു മലയുടെ താഴേക്ക് ചാടുന്ന നടന്‌റെ വീഡിയോ ആണ് പുറത്തിറങ്ങിയിരുന്നത്.