കൊച്ചി: എച്ച്.സി.എൽ ടെക്‌നോളജീസ് ചെയർപേഴ്‌സൺ റോഷ്‌നി നാടാർ മൽഹോത്ര സ്ഥാപിച്ച ഹാബിറ്റാറ്റ്‌സ് ട്രസ്റ്റ് 2021 ൻറെ ദി ഹാബിറ്റാറ്റ്‌സ് ട്രസ്റ്റ് ഗ്രാന്റിന് അർഹരായവരെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ജൈവവൈവിധ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വാർഷിക സംരംഭമാണ് ഹാബിറ്റാറ്റ്‌സ് ട്രസ്റ്റ് ഗ്രാന്റുകൾ.
ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല ആമകളിൽ ഒന്നായ കാന്റേഴ്‌സ് ജയന്റ് സോഫ്റ്റ്‌ഷെൽ ടർട്ടിൽ എന്നറിയപ്പെടുന്ന പെലോഷെലിസ് കാന്റോറിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നതിനായി കൺസർവേഷൻ ഹീറോ ഗ്രാന്റ് (15 ലക്ഷം രൂപ) ആണ് ആയുഷി ജെയിനിന് ലഭിച്ചത് . വേട്ടയാടൽ, ആവാസവ്യവസ്ഥയുടെ നശീകരണം തുടങ്ങിയ നിരവധി മാനുഷിക പ്രവർത്തനങ്ങൾ കാരണം ഈ ഇനം വളരെയധികം ഭീഷണി നേരിടുന്നുവെന്ന് മാത്രമല്ല വംശനാശ ഭീഷണിയിലുമാണ്. വടക്കൻ കേരളത്തിലെ ചന്ദ്രഗിരി നദിയിലും വളപട്ടണം നദീതീരത്തും വളരെ അപൂർവമായ ഈ ജീവിവർഗത്തിന്റെ അടിസ്ഥാന പാരിസ്ഥിതിക വിവരങ്ങൾ സൃഷ്ടിക്കുന്നതിനും സാമൂഹികാടിസ്ഥാനത്തിലുള്ള സംരക്ഷണ ശ്രമങ്ങൾ നടത്തുന്നതിനുമുള്ള പ്രോജക്റ്റിനാണ് ആയുഷിക്ക് കൺസർവേഷൻ ഹീറോ ഗ്രാന്റ് ലഭിച്ചത്.
നാല് വിഭാഗങ്ങളിലായാണ് ഗ്രാന്റുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 35 ലക്ഷം രൂപയുടെ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഗ്രാന്റിന് നേച്ചർ കൺസർവേഷൻ ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ അർഹരായി. വാൽപ്പാറ മേഖലയിൽ കാട്ടാന ശല്യം ഒഴിവാക്കാനും മനുഷ്യ ജീവന് ആപത്തുണ്ടാകുന്നത് ഒഴിവാക്കാനും സഹായിക്കുന്ന മൊബൈൽ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുന്നതിനാണ് ഗ്രാന്റ് നൽകുന്നത്.
ലേസർ നോൺ ഹാബിറ്റാറ്റ്സ് ഗ്രാന്റ് വിഭാഗത്തിൽ ബോംബെ എൻവയോൺമെന്റൽ ആക്ഷൻ ഗ്രൂപ്പ് ഗ്രാന്റിന് അർഹരായി. മഹാരാഷ്ട്രയിലെ രാജപുർ, ലഞ്ച, രത്‌നഗിരി ടെഹ്‌സിൽ ജില്ലകളിൽ 11 കേന്ദ്രങ്ങളിൽ കൺസർവേഷൻ മാനേജ്‌മെന്റ് പദ്ധതി തയാറാക്കുന്നതിനായാവും ഗ്രാന്റ് വിനിയോഗിക്കുക.
ലേസർ നോൺ സ്പീഷീസ് ഗ്രാന്റിന് അസോസിയേഷൻ ഫോർ സോഷ്യൽ ആൻഡ് എൻവയോൺമെന്റൽ ഡെവലപ്‌മെന്റ് അർഹരായി. അസോസിയേഷൻ ഫോർ സോഷ്യൽ ആൻഡ് എൻവയോൺമെന്റൽ ഡെവലപ്‌മെന്റ് ഫിഷിംഗ് ക്യാറ്റ് സംരക്ഷണത്തിനും ആവാസ പരിപാലനത്തിനും വേണ്ടി പ്രവർത്തിക്കുന്നു, ഇത് ജീവിവർഗങ്ങളുടെ ജനസംഖ്യ നിരീക്ഷിക്കാനും ഭീഷണികൾ തിരിച്ചറിയാനും ലഘൂകരണ തന്ത്രങ്ങൾ സ്വീകരിക്കാനും സഹായിക്കും.
ദി ഹാബിറ്റാറ്റ്‌സ് ട്രസ്റ്റ് ഓരോ വിഭാഗത്തിലും ഒരു സ്വീകർത്താവിന് പൂർണ്ണ സാമ്പത്തിക ഗ്രാന്റുകൾ നൽകിയപ്പോൾ, മറ്റ് ഫൈനലിസ്റ്റുകൾക്ക് അവരുടെ പ്രയത്നങ്ങളും പ്രവർത്തനങ്ങളും അംഗീകരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ അതത് വിഭാഗങ്ങളിലെ ഗ്രാന്റ് തുകയുടെ 10 ശതമാനം നൽകുകയും ചെയ്തു.
10 ഫൈനലിസ്റ്റുകളിൽ നിന്നാണ് ഗ്രാന്റുകൾ ലഭിച്ച നാല് പേരെ തിരഞ്ഞെടുത്തത് . ബഹാർ ദത്ത് (വൈൽഡ് ലൈഫ് ബയോളജിസ്റ്റ്, എഴുത്തുകാരൻ, പരിസ്ഥിതി പത്രപ്രവർത്തകൻ), കെനിയയിലെ മാറാ ട്രയാംഗിൾ കൺസർവേഷൻ ഏരിയയുടെ സ്ഥാപകനും സിഇഒയുമായ ബ്രയാൻ ഹീത്ത്, ഡോ. എം.കെ.രഞ്ജിത്‌സിൻഹ് (വന്യജീവി വിദഗ്ധനും 1972ലെ വൈൽഡ് ലൈഫ് (പ്രൊട്ടക്ഷൻ) ആക്ടിന്റെ ആർക്കിടെക്റ്റും), എച്ച് സി എൽ ടെക്‌നോളജീസ് ചെയർപേഴ്‌സണും ദി ഹാബിറ്റാറ്റ്സ് ട്രസ്റ്റിന്റെ സ്ഥാപകനും ട്രസ്റ്റിയുമായ റോഷ്‌നി നാടാർ മൽഹോത്ര എന്നിവരടങ്ങുന്ന ജൂറിയാണ് ഗ്രാന്റ് ജേതാക്കളെ തെരഞ്ഞെടുത്തത്.
പ്രോജക്റ്റിന്റെ സ്വാധീനം, പ്രസക്തി, സ്കേലബിലിറ്റി എന്നിവ കണക്കിലെടുത്ത് കൃത്യമായ അഞ്ച്-ഘട്ടങ്ങളിലെ പ്രക്രിയയിലൂടെയാണ് ഹാബിറ്റാറ്റ്സ് ട്രസ്റ്റ് ഗ്രാന്റുകളുടെ സ്വീകർത്താക്കളെ തിരഞ്ഞെടുത്തത്. അപേക്ഷകരുടെ പദ്ധതി നടപ്പാക്കാനുള്ള ശേഷിയും രണ്ട് വർഷത്തെ ഗ്രാന്റ് കാലയളവിനു ശേഷമുള്ള അവരുടെ നിർദ്ദിഷ്ട ജോലിയുടെ ദീർഘകാല സുസ്ഥിരതയും കണക്കിലെടുത്താണ് ഗ്രാന്റ് ലഭ്യമാക്കുക.
ഈ വർഷം 4200-ലധികം രജിസ്ട്രേഷനുകളാണ് ലഭിച്ചത്. കൂടാതെ ഒരു ബാഹ്യ ഓഡിറ്ററുടെ സമഗ്രമായ വിലയിരുത്തലിനും സൂക്ഷ്മപരിശോധനയ്ക്കും ശേഷമാണ് 10 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത് . അപേക്ഷകരുടെ നിർദ്ദിഷ്ട പ്രോജക്റ്റുകളുടെ വ്യാപ്തിയും സാധ്യതയുള്ള സംരക്ഷണ സ്വാധീനവും വിലയിരുത്തുന്നതിന് ഹാബിറ്റാറ്റ്സ് ട്രസ്റ്റ് ഗ്രാന്റ്സ് ടീമും രാജ്യത്തുടനീളമുള്ള ഫൈനലിസ്റ്റുകളുടെ പ്രോജക്റ്റ് സൈറ്റുകൾ സന്ദർശിക്കുകയും ചെയ്തിരുന്നു.