സിനിമ രംഗത്ത് വനിതകളെയും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ പെടുന്ന സംവിധായകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന പദ്ധതി പ്രകാരം 2020-21 സാമ്പത്തിക വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. വനിതകളുടെ വിഭാഗത്തില്‍ രണ്ടും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ രണ്ടും തിരക്കഥകള്‍ക്കാണ് പരമാവധി 1.5 കോടി രൂപ വീതം സാമ്പത്തിക സഹായം അനുവദിക്കുക. വനിതകളുടെ സംവിധാനത്തിലുള്ള സിനിമാ വിഭാഗത്തിൽ ശ്രുതി നമ്പൂതിരി സമർപ്പിച്ച ‘ബി 32മുതൽ 44 വരെ' എന്ന തിരക്കഥയ്ക്ക് ജൂറി ഒന്നാം സ്ഥാനം നൽകി. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്ന സംവിധായകരുടെ സിനിമ വിഭാഗത്തിൽ വി.എസ്.സനോജ് സമർപ്പിച്ച “അരിക്’ എന്ന തിരക്കഥയ്ക്ക് ഒന്നാം സ്ഥാനവും അരുൺ ജെ. മോഹൻ സമര്‍പ്പിച്ച ‘പിരതി’ തിരക്കഥക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. വനിതകളുടെ സംവിധാനത്തിലുള്ള സിനിമാ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തേക്ക് രണ്ട് തിരക്കഥകള്‍ക്ക് ജൂറി തുല്യ പിൻതുണ നൽകിയതിനാൽ രണ്ടാം സ്ഥാനത്തിന്റെ വിധി നിര്‍ണയം ചലച്ചിത്ര മേഖലയിലെ പ്രഗല്‍ഭരുടെ അഭിപ്രായംകൂടി ആരാഞ്ഞ ശേഷം പ്രഖ്യാപിക്കും.
2019-20 വർഷത്തിലാണ് ആദ്യമായി വനിതകളുടെ സംവിധാനത്തിലുള്ള സിനിമ എന്ന നുതനമായ പദ്ധതി നടപ്പിലാക്കിയത്. ക്യാമറയ്ക്കു പിന്നിലെ സ്ത്രീ സാന്നിദ്ധ്യം വിരളമാണ് എന്ന തിരിച്ചറിവാണ് ഇത്തരം ഒരു പദ്ധതി ആവിഷ്കരിക്കുവാൻ സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് സർക്കാർ വനിതാ ശാക്തീകരണ കാഴ്ചപ്പാടിൽ ഇത്തരം ആവിഷ്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വനിതകളിൽ നിന്നും തിരക്കഥകൾ ക്ഷണിച്ച് അവ സിനിമാമേഖലയിലെ വിദഗ്ധരടങ്ങുന്ന ജൂറി വിലയിരുത്തിയാണ് നിർമ്മാണത്തിനായുള്ള തിരക്കഥകൾ തെരഞ്ഞെടുത്തത്. ഇത്തരത്തിൽ പ്രതിഭാശാലികളായ രണ്ട് നവാഗത സംവിധായകരെയാണ് കഴിഞ്ഞ വര്‍ഷം മലയാള സിനിമാ ലോകത്തിനു ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ നിർമ്മാണ ചുമതല കെ.എസ്.എഫ്.ഡി.സി യിലാണ് നിക്ഷിപ്തമായിരുന്നത്. ഒരു സിനിമയ്ക്ക് പരമാവധി 1.5 കോടി രൂപ നല്‍കിവരുന്നത്. കഴിഞ്ഞവര്‍ഷം ഒന്നാം സ്ഥാനം ലഭിച്ച താരാ രാമാനുജൻ രചന, സംവിധാനം എന്നിവ നിര്‍വഹിച്ച “നിഷിധോ” എന്ന ചലച്ചിത്രത്തിനു രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശസ്തമായ ചലച്ചിത്ര മേളകളിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. 26-മത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേയ്ക്കും “നിഷിധോ” തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം സ്ഥാനം ലഭിച്ച മിനി ഐ.ജി സംവിധാനം ചെയ്ത “ഡിവോഴ്സ്” എന്ന ചിത്രവും ഉടന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനതിനെത്തുന്നതാണ്.