December 06, 2024

Login to your account

Username *
Password *
Remember Me

പഠനത്തോടൊപ്പം ജോലി ഉടൻ കേരളത്തിലും; വിദേശത്തേക്കു വിദ്യാർഥികൾ പോകുന്നതിൽ ഉത്കണ്ഠ വേണ്ട: മുഖ്യമന്ത്രി

*വിദ്യാർഥികൾക്കു തൊഴിൽ നൽകാൻ കലാലയങ്ങളോടു ചേർന്നു വ്യവസായ സ്ഥാപനങ്ങൾ വരും


വിദേശ രാജ്യങ്ങളുടെ മാതൃകയിൽ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടൻ യാഥാർഥ്യമാകുമെന്നും സർക്കാർതലത്തിൽ ഇതിനു നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. ഉപരിപഠനത്തിനായി ധാരാളം വിദ്യാർഥികൾ വിദേശ രാജ്യങ്ങളിലേക്കു പോകുന്ന കാലമാണിത്. ഇക്കാര്യത്തിൽ ഉത്കണ്ഠയുടെ ആവശ്യമില്ല. ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമാണിത്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാർഥികൾ വൈകാതെ കേരളത്തിലേക്കുമെത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടി 'നാം മുന്നോട്ട്'-ന്റെ പുതിയ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പാണ് 'നാം മുന്നോട്ട്' പരിപാടി നിർമിക്കുന്നത്.


കേരളത്തിൽനിന്നു നാലു ശതമാനത്തോളം വിദ്യാർഥികൾ ഓരോ വർഷവും ഉപരിപഠനത്തിനു വിദേശരാജ്യങ്ങളിലേക്കു പോകുന്നുവെന്നാണു കണക്കെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ നിരക്ക് ഇതിനേക്കാൾ കൂടുതലാണ്. ഇക്കാര്യത്തിൽ വലിയ ഉത്കണ്ഠ വേണ്ട. ലോകം കുട്ടികളുടെ കൈയിലാണ്. ഉപരിപഠനത്തിന് എവിടെ പോകണമെന്നും ഏതു സ്ഥാപനത്തിൽ പഠിക്കണമെന്നുമൊക്കെ ചേറുപ്പം മുതലേ അവരുടെ മനസിലുണ്ട്. മാറുന്ന കാലത്തിനനുസരിച്ചു കുട്ടികൾക്കു ലോകകാര്യങ്ങൾ അതിവേഗം ഉൾക്കൊള്ളാനും കഴിയുന്നുണ്ട്. അതിന്റെ ഭാഗമായി അവർ സംസ്ഥാനത്തിനു പുറത്തേക്കും രാജ്യത്തിനു പുറത്തേക്കുമൊക്കെ പഠനത്തിനും ജോലിക്കും പോകാൻ തത്പരരുമാണ്. ഈയടുത്തു പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഹരിയാന മുഖ്യമന്ത്രി ഉന്നയിച്ച മുഖ്യ പ്രശ്‌നം ആ സംസ്ഥാനത്തുനിന്നു ധാരാളമായി കുട്ടികൾ വിദേശത്തേക്കു പഠിക്കാൻ പോകുന്നുവെന്നതാണ്. രാജ്യത്തെതന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഡൽഹിയോടു ചേർന്നു കിടക്കുന്ന സംസ്ഥാനമാണു ഹരിയാനയെന്നോർക്കണം. ഈ പ്രവണതയെ കാലത്തിന്റെ പ്രത്യേകതയായിവേണം കാണാൻ - മുഖ്യമന്ത്രി പറഞ്ഞു.


ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തി കേരളത്തിൽ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ യാഥാർഥ്യമാക്കുകയെന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. അതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. സർവകലാശാലകളേയും കലാലയങ്ങളേയും ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ മികച്ച നിലയിൽ നടന്നുവരുന്നു. സർവകലാശാലകളുടെ അക്കാദമിക് നിലവാരം ഉയർത്താനുള്ള നടപടികൾ കഴിഞ്ഞ സർക്കാരിന്റെകാലത്തുതന്നെ ആരംഭിച്ചിരുന്നു. ലോക, ദേശീയ തലങ്ങളിൽ കേരളത്തിലെ സർവകലാശാലകൾ പിന്നിലായിരുന്ന ഘട്ടത്തിലായിരുന്നു ആ നടപടി. മുൻനിരയിലേക്ക് അവയെ ഉയർത്തിക്കൊണ്ടുവരാൻ വലിയ ശ്രമങ്ങൾ നടത്തി. അതിനു ഫലമുണ്ടായി. ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ തുടരും.


പഠനത്തോടൊപ്പം ജോലി, പഠനത്തിന്റെ ഭാഗമായിത്തന്നെ തൊഴിൽ നൈപുണ്യ വികസനം തുടങ്ങിയ ആശയങ്ങൾ ഏറെ ഗൗരവമായാണു സർക്കാർ കാണുന്നത്. കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്വന്തമായി വൻതോതിൽ സ്ഥലമുണ്ട്. ഇങ്ങനെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ കോഴ്‌സുകളുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞാൽ കുട്ടികൾക്ക് നേരിട്ട് അതുമായി ബന്ധപ്പെടാനാകും. അതിനുള്ള നീക്കം നടക്കുകയാണ്. ചില സ്ഥാപനങ്ങൾ പദ്ധതിക്കായി കണ്ടെത്തിയിട്ടുണ്ട്. ചില മാനേജ്‌മെന്റുകൾ ഇതുമായി ബന്ധപ്പെട്ടു സർക്കാരിനെ ബന്ധപ്പെട്ടിട്ടുമുണ്ട്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തു വരാനിരിക്കുന്ന വലിയ മാറ്റമാകും ഇത്.


കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ അക്കാദമിക് നിലവാരവും അടിസ്ഥാന സൗകര്യങ്ങളും ശാക്തീകരിക്കപ്പെടുന്നതോടെ വിദേശത്തുനിന്നു പഠനത്തിനായി ഇവിടേക്കും വിദ്യാർഥികൾ വരും. കേരളം വലിയൊരു വിദ്യാഭ്യാസ ഡെസ്റ്റിനേഷനാകും. നമ്മുടെ കാലാവസ്ഥയും പ്രകൃതിയും നാടിന്റെ ക്രമസമാധാന നിലയുമൊക്കെ ഇതിന് ഏറെ അനുകൂലമാണ്. ഇതു മുൻനിർത്തിയുള്ള നടപടികൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള ഹോസ്റ്റൽ നിർമാണം ആരംഭിച്ചത് ഇതിന്റെ ഭാഗമാണ്. വലിയ മാറ്റത്തിന്റെ നാളുകളാണു കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉടൻ വരാനിരിക്കുന്നത് - മുഖ്യമന്ത്രി പറഞ്ഞു. ഏപ്രിൽ 16 മുതലാണ് 'നാം മുന്നോട്ട്' പരിപാടി സംപ്രേഷണം ആരംഭിക്കുന്നത്. ജോൺ ബ്രിട്ടാസ് എം.പിയാണ് അവതാരകൻ. മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ, കേരള സർവകലാശാല ഹിന്ദി വിഭാഗം മേധാവി ഡോ. എസ്.ആർ. ജയശ്രീ, കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ, ഫെഡറൽ ബാങ്ക് ബോർഡ് ചെയർമാൻ സി. ബാലഗോപാൽ, ചലച്ചിത്ര താരം ഉണ്ണിമായ പ്രസാദ് എന്നിവർ പുതിയ എപ്പിസോഡിൽ പാനലിസ്റ്റുകളായി പങ്കെടുക്കുന്നുണ്ട്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.