November 21, 2024

Login to your account

Username *
Password *
Remember Me

പ്രീസ്‌കൂൾ വിദ്യാഭ്യാസം ആധുനിക നിലവാരത്തിലേക്കുയർത്തും : മന്ത്രി വി.ശിവൻകുട്ടി

ഭാവി ജീവിതം മികവുറ്റതാക്കാൻ പ്രാപ്തമാകുന്ന ശൈശവാനുഭവങ്ങൾ കൈവരിക്കുന്നതിനാണ് പ്രീപ്രൈമറി വിദ്യാഭ്യാസത്തിൽ സർക്കാർ മുൻഗണന നൽകുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സർവശിക്ഷാ കേരളം നടപ്പാക്കുന്ന സ്റ്റാർസ് മാതൃകാ പ്രീപ്രൈമറി 2022-23 വർണ്ണക്കൂടാരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോലിയക്കോട് ഗവൺമെന്റ് വെൽഫയർ എൽപി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. മാതൃക പ്രീ-പ്രൈമറി പദ്ധതി സംസ്ഥാനത്തുടനീളം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 440 അംഗീകൃത പ്രീപ്രൈമറി സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിന് 44 കോടിരൂപയാണ് പദ്ധതിയിലൂടെ സർക്കാർ ചെലവാക്കുന്നത്. ശിശുസൗഹൃദ ഫർണീച്ചറുകൾ, ഔട്ട്‌ഡോർ പ്ലേ മെറ്റീരിയൽസ് എന്നിവ സജ്ജമാക്കുന്നതിനായി 328 പ്രീ പ്രൈമറി സ്‌കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം മൂന്ന് കോടി ഇരുപത്തെട്ട് ലക്ഷം രൂപ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോലിയക്കോട് ഗവൺമെന്റ് വെൽഫയർ എൽപി സ്‌കൂളിന്റെ അടിസ്ഥാനസൗകര്യവികസനത്തിനായി ഒരു കോടി രൂപ കൂടി ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു.


അന്താരാഷ്ട്ര നിലവാരവും പ്രാദേശിക പ്രസക്തവുമായ പ്രീസ്‌കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് വർണ്ണക്കൂടാരം. ഇതിനായി പ്രീപ്രൈമറി കുട്ടികളുടെ വികാസ മേഖലകളിൽ കഴിവ് ഉറപ്പാക്കാൻ പര്യാപ്തമായ ആക്ടിവിറ്റി ഏരിയകൾ സജ്ജീകരിക്കുന്നതിനായി 10 ലക്ഷം രൂപ വീതം നൽകുന്നു. സ്‌കൂൾ കെട്ടിടത്തിന് പുറത്തും അനുഭവ ഇടങ്ങൾ രൂപപ്പെടുത്തുകയെന്നതാണ് പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. കുട്ടികളുടെ കലാപ്രകടനങ്ങൾക്കുള്ള ആവിഷ്‌കാരയിടം, കരകൗശലയിടം, ശാസ്ത്രനുഭവങ്ങൾക്കുള്ള ഇടം, വായനയ്ക്കും എഴുത്തിലേക്കും പ്രചോദിപ്പിക്കുന്ന ഭാഷാവികസന ഇടം, വർണയിടം , ഗണിതയിടം എന്നിങ്ങനെ വികാസമേഖലകൾക്കും പഞ്ചേന്ദ്രീയാനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന രീതിയിൽ 13 പ്രവർത്തന ഇടങ്ങളാണ് വർണ്ണക്കൂടാരം പദ്ധതിയിൽ സജ്ജീകരിക്കുന്നത്.


വാർഡ് കൗൺസിലർ ദീപിക.യു അധ്യക്ഷയായിരുന്നു. സമഗ്രസിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് അഡീഷണൽ ഡയറക്ടർ ഷിബു.ആർ.എസ്, എസ്.എസ്.കെ സ്‌റ്റേറ്റ് പ്രോഗ്രാം ഓഫീസർ അമുൽ റോയ് , വിദ്യാഭ്യാസ ഉപഡയറക്ടർ കൃഷ്ണകുമാർ സി.സി , ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ജവാദ്.എസ്, കോലിയക്കോട് ഗവൺമെന്റ് വെൽഫയർ എൽപി സ്‌കൂൾ പ്രഥമാധ്യാപിക ശ്രീജ ആർ.നായർ എന്നിവരും വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും സന്നിഹിതരായിരുന്നു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.