തിരുവനന്തപുരം:അറബി ഭാഷ തുറന്നുതരുന്ന അനന്തമായ തൊഴിൽ സാധ്യതകൾ കേരളം ഉപയോഗപ്പെടുത്തണമെന്ന് അഡ്വ. അടൂർ പ്രകാശ് എം.പി. അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വിശിഷ്യാ കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ പ്രധാന കാരണമായ ഗൾഫ് കുടിയേറ്റത്തെ വേണ്ട വിധം ഇനിയും കേരളീയർക്ക് ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അസംഘടിത തൊഴിൽ മേഖലകൾ വിട്ട് മറ്റുള്ള വിവര സാങ്കേതിക, അധ്യാപന രംഗങ്ങളിലേക്ക് കൂടി കടന്ന് ചെല്ലാൻ നമുക്കാകണം. പുതിയ ദേശീയ വിദ്യാഭ്യാസനയത്തിൽ (എൻ.ഇ.പി. 2020) ഭാഷാപഠനത്തോട് കേന്ദ്രം കാണിച്ച അവഗണനക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള സർവകലാശാല അറബി വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര അറബിഭാഷാദിനാഘോശം ഉത്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസനയത്തിൻറെ അടിസ്ഥാനത്തിൽ പാർലമെൻറിൽ നടക്കുന്ന ചർച്ചകളിൽ ഈ വിഷയം ഉന്നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ വിദ്യാഭ്യാസനയത്തിലെ കാതലായ മാറ്റങ്ങളെ കുറിച്ച് വിവിധ കോണുകളിൽ ചർച്ചകൾ നടക്കണമെന്ന് കേരള സർവകലാശാല രജിസ്ട്രാർ പ്രൊഫ. അനിൽ കുമാർ ചൂണ്ടികാണിച്ചു. പ്രത്യേകിച്ച് ഭാഷാപഠനം നമുക്ക് നൽകിയ ഭാവനാശേഷിയും ചിന്താമണ്ഡലങ്ങളും ആസ്വാദനകളും ഒരിക്കലും അവമതിക്കാൻ കഴിയില്ല. ഈ വിഷയത്തിൽ പുതിയ പുതിയ ചർച്ചകൾ നടക്കുകയും അഭിപ്രായ രൂപീകരണങ്ങൾ നടക്കുകയും വേണം. അതിന് ഈ രംഗത്തുള്ള അധ്യാപകർ, വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരും യുവജന കൂട്ടായ്മകളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ അറബി ഭാഷയുടെ വളർച്ചയിൽ നേതൃപരമായ പങ്ക് വഹിച്ച സി.ഐ.സി. ജനറൽ സെക്രട്ടറി പ്രൊഫ. അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിക്ക് സയ്യിദ് അബ്ദുൽ റഹ്മാൻ അസ്ഹരി എക്‌സലൻസി പുരസ്കാരം അദ്ദേഹം സമ്മാനിച്ചു. പുരസ്‌കാര ജേതാവിനുള്ള പ്രശസ്തിപത്രം സർവകലാശാല രജിസ്ട്രാർ പ്രൊഫ. അനിൽ കുമാർ നൽകി. വകുപ്പ് മേധാവി ഡോ .നൗഷാദ് വാളാട് അധ്യക്ഷനായിരുന്ന യോഗത്തിൽ ഡോ. താജുദ്ദീൻ മന്നാനി സ്വാഗതവും സർവ്വകലാശാല സിണ്ടിക്കേറ്റ് അംഗം പ്രൊഫ. ഗോപ് ചന്ദ്രൻ, മുൻ വകുപ്പ് മേധാവിമാരായ പ്രൊഫ. നിസാറുദീൻ, പ്രൊഫ. ഉബൈദ്, ഡോ. സുഹൈൽ, ഡോ. എസ്. എ. ഷാനവാസ്, അഷറഫ് കടക്കൽ, സഈദ് മുസ്‌ലിയാർ വിഴിഞ്ഞം, ഡോ. ഹഫീസ് പൂവച്ചൽ, തമീമുദ്ധീൻ (കെ.എ.എം.എ.), ബീഗം ബേനസീർ തുടങ്ങിയവർ സംസാരിച്ചു. അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ചു നടന്ന നാഷണൽ ലെവൽ ക്വിസ് മത്സരത്തിൽ ചെമ്മാട് ദാറുൽ ഹുദാ ഇസ്‍ലാമിക് സർവകലാശാല ഒന്നാം സ്ഥാനവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഇസ്‌ലാമിക് ഫോർ കണ്ടംപററി സ്റ്റഡീസ് (NIICS) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.