2022-2023 സാമ്പത്തികവർഷത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മുഴുവൻ ഓഫീസുകളും ഇ - ഓഫീസ് സംവിധാനത്തിലേക്ക് മാറുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വകുപ്പിന് കീഴിലുള്ള 71 ഓഫീസുകളുടെ ഇ - ഓഫീസ് പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത വിഷയങ്ങളിലൊന്നാണ് സർക്കാർ ഓഫീസുകളിൽ ഇ-ഗവേണൻസ് നടപ്പിലാക്കും എന്നുള്ളത്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ജനേസവന കേന്ദങ്ങളാക്കി മാറ്റുന്നതിന് നിരവധിയായിട്ടുള്ള പ്രവർത്തനപദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്നത്. സർക്കാർ ഓഫീസുകളിൽ നിന്നും ലഭിക്കുന്ന സേവനം പൗരന്റെ അവകാശമാണ് എന്ന കാഴ്ചപ്പാട് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ലക്ഷ്യബോധം നൽകുന്നു.
സംസ്ഥാന സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായ ഇ-ഗവേണൻസ് സംവിധാനം അഞ്ച് വർഷം കൊണ്ട് സർക്കാർ ഓഫീസുകളിൽ സമ്പൂർണ്ണമായി നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ എല്ലാ വകുപ്പുകളും ഏറ്റെടുത്തു വരികയാണ്. പൊതുവിദ്യാഭ്യാസവകുപ്പിൽ ഡയറക്ടേററ്റുകളും വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളും ഇതിനോടകം ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ 2018 ഏപ്രിൽ മാസം മുതൽ ഫയൽസംവിധാനം ഇ-ഓഫീസിലേക്ക് മാറി. 2021 ഏപ്രിൽ മാസം മുതൽ 14 വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകൾ ഒന്നൊന്നായി ഇ-ഓഫീസ് ഫയൽസംവിധാനത്തിലേക്ക് മാറി. 2022 മെയ് മാസം പൂർത്തിയാകുമ്പോഴേക്കും 43 ഡി.ഇ.ഒ. ഓഫീസുകളും ആർ.ഡി.ഡി., എ.ഡി., പരീക്ഷാഭവൻ, ടെക്സ്റ്റ് ബുക്ക് ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്.ഡി.ഡി. ഓഫീസുകൾക്ക് 45 ലക്ഷം രൂപ വീതവും ഡി.ഇ.ഒ. ഓഫീസുകൾക്ക് 15 ലക്ഷം രൂപ വീതവും മറ്റ് ഓഫീസുകളിൽ ഇതിനായി ആവശ്യമുള്ള ഫണ്ട് വിവിധഘട്ടങ്ങളിലും അനുവദിച്ച് നൽകിയിട്ടുണ്ട്. ഈ പദ്ധതിക്കായി ആകെ 14.5 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളതെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.