പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ വെതര്‍ സ്റ്റേഷനുകള്‍ (കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍) സ്ഥാപിക്കുന്നു. പദ്ധതിയുടെ പേര് ' കേരള സ്കൂള്‍ വെതര്‍ സ്റ്റേഷൻ 'എന്നാണ്. ഓരോ ദിവസത്തെയും അന്തരീക്ഷസ്ഥിതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ (ദിനാവസ്ഥ) മനസ്സിലാക്കുന്നതിനും അവ രേഖപ്പെടുത്തുന്നതിനും അതുവഴി നിശ്ചിത കാലാവസ്ഥാ ഡാറ്റകള്‍ തയ്യാറാക്കുന്നതിനും ഇതിലൂടെ കഴിയുന്നു.
2022 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നൂറുദിന കര്‍മ്മ പരിപാടിയില്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതിയായ വെതര്‍ സ്റ്റേഷനുകളുടെ നിര്‍മ്മാണം ത്വരിതഗതിയില്‍ പൂര്‍ത്തിയാകുകയാണ്. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിദ്യാലയങ്ങളില്‍ 'ജ്യോഗ്രഫി' മുഖ്യവിഷയമായിട്ടുള്ള 240 കേന്ദ്രങ്ങളിലാണ് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ഭൂമിശാസ്ത്ര പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ആരംഭിച്ചിട്ടുള്ളത്. ഒരുപക്ഷെ ഇന്ത്യയില്‍ ആദ്യമായാകും ഇത്തരമൊരു പരിപാടിയ്ക്ക് തുടക്കമാകുന്നത്. മഴയുടെ തോത് അളക്കുന്നതിനുള്ള 'മഴമാപിനി', അന്തരീക്ഷ താപനില അറിയുന്നതിനുള്ള തെര്‍മോമീറ്ററുകള്‍, അന്തരീക്ഷ ആര്‍ദ്രത അളക്കുന്നതിനുള്ള 'വെറ്റ് ആര്‍ ഡ്രൈ ബള്‍ബ് തെര്‍മോമീറ്റർ , കാറ്റിന്‍റെ ദിശ അറിയുന്നതിനായുളള 'വിന്‍ഡ് വെയ്ൻ' കാറ്റിന്‍റെ വേഗത നിശ്ചയിക്കുന്ന 'കപ്പ് കൗണ്ടര്‍ അനിമോമീറ്റർ' തുടങ്ങി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ ഉപയോഗിച്ചു വരുന്ന ശാസ്ത്രീയ ഉപകരണങ്ങള്‍ തന്നെയാണ് 'സ്കൂള്‍ വെതര്‍ സ്റ്റേഷനുകളിലും'ഉപയോഗിക്കുന്നത്.
പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ പ്രാദേശിക കാലാവസ്ഥ മനസ്സിലാക്കുന്നതിനും, ഭൂമിശാസ്ത്ര വിഷയത്തോടുള്ള അഭിരുചിയും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുവാനും വെതര്‍ സ്റ്റേഷനുകള്‍ സഹായിക്കും. വെതര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിന് സമീപത്തുണ്ടാകുന്ന പ്രാദേശിക കാലാവസ്ഥാ വിവരങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ഗവേഷണ പരിശീലനത്തിനും കാര്‍ഷിക- വ്യവസായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഉതകുന്നതാണ്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലെ ദിനാവസ്ഥ സാഹചര്യവും കാലാവസ്ഥാ വ്യതിയാനവും മുന്‍കൂട്ടി മനസ്സിലാക്കാന്‍ ഇത്തരം സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങളിലൂടെ കഴിയും.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD), കോഴിക്കോട് ആസ്ഥാനമായ CWRDM, കേരള ദുരന്ത നിവാരണ അതോറിറ്റി (KSDMA)എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങളും സഹായ സഹകരണങ്ങളും വെതര്‍ സ്റ്റേഷനുകള്‍ക്ക് ലഭിക്കുന്നുണ്ട്. സ്കൂള്‍ വെതര്‍ സ്റ്റേഷന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 11 ന് കൊല്ലം കടയ്ക്കല്‍, വയല വാസുദേവന്‍ പിള്ള മെമ്മോറിയല്‍ ഗവ. എച്ച്.എസ്.എസ്- ല്‍ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ നൂറു ദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന നൂതന പദ്ധതി സര്‍ക്കാരിന്‍റെ സാമൂഹിക കാഴ്ചപ്പാടിനും, ഇടപെടലിനും, ഗവേഷണ പഠന പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകുന്നതും, രാജ്യത്തിന് തന്നെ മാതൃകയാകുന്ന സവിശേഷ പദ്ധതിയുമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി ശിവൻകുട്ടി പറഞ്ഞു.പൊതുവിദ്യാലയങ്ങൾ ഒരുചുവട് കൂടി മുന്നോട്ട് വച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.