സംസ്ഥാനത്ത് ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകൾ ഓൺലൈൻ ആക്കാൻ തീരുമാനം. ഈ മാസം 21 മുതൽ രണ്ടാഴ്ച കാലത്തേക്കാണ് ഓൺലൈൻ ക്ലാസ് എന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് പരിശോധിക്കും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും കോവിഡ് സാഹചര്യത്തിൽ സ്കൂൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിൽ ആശങ്ക ഉണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി യോഗത്തിൽ അറിയിച്ചു.
10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് വാക്സിൻ സ്കൂളിൽ പോയി കൊടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഏകോപിച്ച് മുൻകൈയെടുക്കും . വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകും. വിശദമായ മാർഗ്ഗരേഖ തിങ്കളാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.