മലയാള സാഹിത്യ മേഖലയ്ക്കായി ഏറ്റവും കൂടുതൽ തുകയുടെ പുരസ്കാരങ്ങൾ വിതരണം ചെയ്ത് ഇൻഡിവുഡ്. അഞ്ച് ലക്ഷം രൂപയുടെ ഭാഷ കേസരി പുരസ്കാരം ഉൾപ്പെടെ പതിനാറു വിഭാഗങ്ങളിലായിരുന്നു പുരസ്കാരങ്ങൾ. തിരുവനന്തപുരം ഏരീസ് പ്ലെക്സ് തീയേറ്ററിൽ ഡിസംബർ എട്ടിനു വൈകിട്ട് നടന്ന വർണശബളമായ ചടങ്ങിൽ കേരളത്തിലെ മലയാള സാഹിത്യ മേഖലയിൽ നിന്നുള്ള മുപ്പത്തി അഞ്ചോളം പ്രമുഖർ പങ്കെടുത്തു.
ഡോ. ജോർജ് ഓണക്കൂർ ആയിരുന്നു പുരസ്കാരനിശയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.കെ. ജയകുമാർ ഐ എ എസ് ( റിട്ടയേഡ് ) മുഖ്യാതിഥി ആയിരുന്നു. വിധു വിൻസന്റ്, ടി പി ശാസ്തമംഗലം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇൻഡിവുഡ് സ്ഥാപക ചെയർമാൻ ഡോ. സോഹൻ റോയ് വീഡിയോയിലൂടെ പുരസ്കാര ജേതാക്കൾക്ക് ആശംസകൾ നേർന്നു.
കെ ജയകുമാർ ഐ എ എസ് ( റിട്ടയേഡ്) ന് ആണ് മലയാള ഭാഷയ്ക്ക് നൽകിയ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചത്. അഞ്ചു ലക്ഷത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും പുരസ്കാരവും അടങ്ങുന്ന ഭാഷാ കേസരീ പുരസ്കാരം കഴിഞ്ഞ സെപ്റ്റംബറിൽ കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.
മികച്ച നോവലിനുള്ള പുരസ്കാരം സുഭാഷ് ചന്ദ്രൻ ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ സമുദ്രശില എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്.പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നവയാണ് മറ്റു പതിനഞ്ചു വിഭാഗങ്ങളിലെ ഓരോ പുരസ്കാരങ്ങളും.
പുരസ്കാരം ഏറ്റുവാങ്ങിയ മറ്റു പുരസ്കാര ജേതാക്കളുടെ പട്ടിക ഇപ്രകാരമാണ്.ഗിരീഷ് പുലിയൂരാണ് മികച്ച കവി. കരമനയാർ എന്ന അദ്ദേഹത്തിന്റെ കവിതയാണ് സമ്മാനാർഹമായത്. മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം നമ്പി നാരായണൻ സ്വീകരിച്ചു. അദ്ദേഹം എഴുതിയ ഓർമ്മകളുടെ ഭ്രമണപഥമാണ് പുരസ്കാരം നേടിയത്. 'കോമാളി മേൽക്കൈ നേടുന്ന കാലം' എന്ന ലേഖനത്തിലൂടെ മികച്ച ലേഖകനുള്ള പുരസ്‌കാരത്തിന് ബിപിൻ ചന്ദ്രൻ അർഹനായി. ജോബിൻ എസ് കൊട്ടാരത്തിന്റെ രണ്ടു വാല്യങ്ങളുള്ള 'സമഗ്രം, മധുരം മലയാളം ' ഏറ്റവും മികച്ച വിദ്യാഭ്യാസ ഗ്രന്ഥമായി തിരഞ്ഞെടുത്തു.
'വാക്കിന്റെ ജലസ്പർശം ' എന്ന ഗ്രന്ഥം എഴുതിയ വി യു സുരേന്ദ്രൻ, ഏറ്റവും മികച്ച നിരൂപകനുള്ള പുരസ്കാരം ഏറ്റുവാങ്ങി.മികച്ച വൈജ്ഞാനിക സാഹിത്യകാരനുള്ള പുരസ്കാരം ഡോ. കെ. ശ്രീകുമാറിനും ( അരങ്ങ് ), മികച്ച യാത്രാവിവരണ രചയിതാവിനുള്ള പുരസ്കാരം യാത്ര- ഇന്ത്യൻ ചരിത്രസ്മാരകങ്ങളിലൂടെ എന്ന ഗ്രന്ഥം എഴുതിയ കെ. വിശ്വനാഥനും ലഭിച്ചു.
സായ്റ എഴുതിയ ' തിരികെ ' എന്ന കഥാസമാഹാരമാണ് 'മികച്ച കഥ ' എന്ന വിഭാഗത്തിൽ സമ്മാനാർഹമായത്. ഏറ്റവും മികച്ച ചലച്ചിത്ര തിരക്കഥ എന്ന വിഭാഗത്തിൽ സമ്മാനം ലഭിച്ചത് മുഹമ്മദ് ഷഫീക്ക് എഴുതിയ ' ആമ ' എന്ന സിനിമയാക്കാത്ത തിരക്കഥയ്ക്കാണ്. മികച്ച ബാലസാഹിത്യകാരൻ ( സജീവൻ മൊകേരി, കുഞ്ഞിക്കുറുക്കനും കൂട്ടുകാരും ), മികച്ച വിവർത്തനം ( ഡോ. മിനിപ്രിയ. ആർ, കങ്കണം ( പെരുമാൾ മുരുകൻ ) ), മികച്ച ഭാഷാ ഗവേഷണം ( ഡോ. നിത്യ. പി. വിശ്വം, പാരഡി മലയാള കവിതയിൽ ), മികച്ച ഹാസ്യ സാഹിത്യകാരൻ ( നൈന മണ്ണഞ്ചേരി, പങ്കൻസ് ഓൺ കൺട്രി ) തുടങ്ങിയവയാണ് മറ്റു പുരസ്കാരങ്ങൾ.
വിധികർത്താക്കളുടെ പ്രത്യേക പരാമർശത്തിന് എൻ. എസ്. സുമേഷ് കൃഷ്ണന്റെ ചന്ദ്രകാന്തം എന്ന കവിതാസമാഹാരവും, ആർ. അജിത് കുമാറിന്റെ 'ബിരിയാണി തിന്നുന്ന ബലിക്കാക്കകൾ ' എന്ന സമാഹാരവും അർഹമായി.
സതീഷ് തപസ്യ, ശ്രീദേവ് , ആർച്ച.എ. ജെ, വിഷ്ണു ദേവ് എന്നിവർക്ക് പ്രത്യേക പ്രോത്സാഹന പുരസ്കാരവും ലഭിച്ചു.