തിരു: കേരളത്തിലെ ജനസംഖ്യാനുപാതത്തിൽ സ്ത്രീകൾ മുന്നിലാണെങ്കിലും തൊഴിൽ ശക്തിയിൽ എണ്ണം കുറവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ മാറ്റമുണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച സ്ത്രീ പുരുഷ സമത്വം, സമം പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളിലൊന്ന് തൊഴിൽ സംബന്ധമാണ്. ഇതിന്റെ ആരംഭം വീടുകളിൽ നിന്നു തന്നെയാണ്. അടുക്കള പണിക്കൊപ്പം വയോജന, ശിശുപരിപാലനവും അവർ നിർവഹിക്കേണ്ടിവരുന്നു. ഇതെല്ലാം സ്ത്രീകൾ തന്നെ ചെയ്യേണ്ടതാണെന്ന പൊതുബോധത്തിൽ മാറ്റം വരേണ്ടതുണ്ട്. ഇതിനായി വലിയ ബോധവത്ക്കരണം സമൂഹത്തിൽ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകളെ അടുക്കളയിലേക്ക് തിരിച്ചയയ്ക്കാൻ തുനിഞ്ഞിരിക്കുന്ന വർഗീത പ്രതിലോമ ശക്തികൾ സമൂഹത്തിൽ പതിയിരിക്കുന്നു. വിവാഹക്കമ്പോളത്തിൽ ഒരു വസ്തുവായി സ്ത്രീയെ കണക്കാക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരം സാമൂഹ്യാവസ്ഥയിലും എടുത്തു പറയത്തക്ക ചില ഇടപെടലുകളുണ്ടായി. അതിലൊന്നാണ് അധികാരവികേന്ദ്രീകരണം. സ്ത്രീകൾക്ക് പദ്ധതി നടപ്പാക്കുന്നതിന് ആർജവം കുറവാണെന്ന ചിന്തയെ പൊളിച്ചെഴുതാൻ അധികാരവികേന്ദ്രീകരണത്തിന് സാധിച്ചു. തീരുമാനങ്ങൾ എടുക്കാനും നടപ്പാക്കാനും പുരുഷനേ കഴിയൂ എന്ന യാഥാസ്ഥിതിക ബോധമാണ് ഇതിലൂടെ തകർന്നു വീണത്. സ്ത്രീകൾ സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ നാഴികക്കല്ലായാണ്് കുടുംബശ്രീയുടെ രൂപീകരണത്തേയും വളർച്ചയെയും കാണേണ്ടത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ മുന്നേറ്റം ഒറ്റ പദ്ധതിയിലൂടെയോ ഹ്രസ്വകാലത്തിലൂടെയോ സാധ്യമാകുന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം വരും നാളുകളിൽ ഉണ്ടാകാതിരിക്കാൻ സമൂഹത്തിലെ സമസ്ത മേഖലയിലുമുള്ളവരെ പങ്കാളികളാക്കിക്കൊണ്ടാണ് സ്ത്രീ പുരുഷ സമത്വം എന്ന ആശയം സർക്കാർ മുന്നോട്ടു വയ്ക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ലിംഗസമത്വം അടിസ്ഥാന പൗരാവകാശം എന്ന സന്ദേശമാണ് പദ്ധതി മുന്നോട്ടു വയ്ക്കുന്നത്. ഓരോ ഭവനത്തിലും സമം പദ്ധതിയുടെ ആശയം എത്തിക്കും. അതിന് വിദ്യാഭ്യാസ, തദ്ദേശസ്വയംഭരണ വകുപ്പുകൾ സഹകരിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സമം പദ്ധതിയുടെ ബ്രൻഡ് അംബാസഡറായി ഗായിക കെ. എസ്. ചിത്രയുടെ പേര് മന്ത്രി പ്രഖ്യാപിച്ചു. കെ. എസ്. ചിത്രയും ചടങ്ങിൽ സംബന്ധിച്ചു.
അടുത്ത ഒരു വർഷത്തിനിടെ സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 1001 വനിതകളെ ആദരിക്കും. ഉദ്ഘാടന ചടങ്ങിൽ കെ. എസ്. ചിത്ര, നഞ്ചിഅമ്മ, പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, എം. ഡി വത്‌സമ്മ, ജസ്റ്റിസ് എം. ഫാത്തിമബീവി, മുൻ ഡിജിപി ശ്രീലേഖ, മേയർ ആര്യാ രാജേന്ദ്രൻ, ഡോ. കെ. ഓമനക്കുട്ടി, നാടക സിനിമ പ്രവർത്തക സേതുലക്ഷ്മി, കാമറ വിമൻ ഫൗസിയ ഫാത്തിമ, വനിതാ ആംബുലൻസ് ഡ്രൈവർ ദീപ ജോസഫ്, ആഴക്കടൽ മത്‌സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന കെ. സി. രേഖ എന്നിവരെ ആദരിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ഗോവിന്ദൻ മാസ്റ്റർ, ആന്റണി രാജു, ജി. ആർ. അനിൽ എന്നിവർ സന്നിഹിതരായിരുന്നു. സമൂഹത്തിന്റെ വിവിധ മേലഖകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു.