കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 460.26 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് ഇത്തവണ 50 ശതമാനമാണ് പാദവാര്‍ഷിക ലാഭത്തില്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. 864.79 കോടി രൂപയാണ് പ്രവര്‍ത്തന ലാഭം. രണ്ടാം പാദ അറ്റപലിശ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.22 ശതമാനം വര്‍ധിച്ച് 1,479.42 കോടി രൂപിലെത്തി.
'സാമ്പത്തികരംഗത്തെ സാഹചര്യങ്ങള്‍ അനുകൂലമല്ലാതിരുന്നിട്ടും ബാങ്കിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞു. ചില മേഖലകളില്‍ ലഭ്യമായ മികച്ച വായ്പാ വളര്‍ച്ചയുടെ ചുവടുപിടിച്ച് അറ്റ പലിശ വരുമാനത്തിലും അറ്റ പലിശ മാര്‍ജിനിലും നല്ല വളര്‍ച്ചയാണ് ബാങ്കിന് നേടാന്‍ സാധിച്ചത്. വായ്പാ തിരിച്ചടവിലെ മികവും നവീകരണവും ഈ പാദത്തില്‍ വായ്പാ ചെലവുകള്‍ ഉയരാതിരിക്കാന്‍ സഹായിച്ചു. കറന്‍റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ) അനുപാതം 18 ശതമാനം വാര്‍ഷിക വളര്‍ച്ചയാടേെ എക്കാലത്തേയും ഉയര്‍ന്ന അനുപാതമായ 36.16 ശതമാനത്തിലെത്തി. ഇത് ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ്. 20.54 ശതമാനം വിപണി വിഹിതത്തോടെ വിദേശത്തു നിന്നുള്ള റെമിറ്റന്‍സില്‍ ഫെഡറല്‍ ബാങ്ക് കരുത്തോടെ തന്നെ മുന്നേറുന്നു. പുതിയ അക്കൗണ്ടുകള്‍ പകുതിയിലേറെയും ഇപ്പോള്‍ തുറക്കപ്പെടുന്നത് ഫിന്‍ടെക്ക് സംരഭങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെയാണ്, ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.
ബാങ്കിന്‍റെ മൊത്തം ബിസിനസ് 9.56 ശതമാനം വളര്‍ച്ചയോടെ 3,06,399.38 കോടി രൂപയിലെത്തി. മൊത്തം നിക്ഷേപം മുന്‍ വര്‍ഷത്തെ 1,56,747.39 കോടിയില്‍ നിന്ന് 9.73 ശതമാനം വര്‍ധിച്ച് 1,71,994.75 കോടി രൂപയായും മൊത്തം വായ്പകള്‍ 1,25,208.57 കോടിയില്‍ നിന്ന് 1,37,313.37 കോടി രൂപയായും വര്‍ധിച്ചു.
സ്വര്‍ണ വായ്പകള്‍ 25.88 ശതമാനം വളര്‍ച്ച നേടി 15,976 കോടി രൂപയിലെത്തി. രണ്ടാം പാദം അവസാനം വരെയുള്ള ബാങ്കിന്‍റെ മൊത്ത നിഷ്ക്രിയ ആസ്തി 4445.84 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 3.24 ശതമാനം വരുമിത്. 1.12 ശതമാനം ആണ് അറ്റ നിഷ്ക്രിയ ആസ്തി. ബാങ്കിന്‍റെ അറ്റ മൂല്യം 15,235.25 കോടി രൂപയില്‍ നിന്ന് 17,561.53 കോടി രൂപയായി വര്‍ധിച്ചു. മൂലധന പര്യാപ്തതാ അനുപാതം 14.97 ശതമാനമാണ്. 2021 സെപ്തംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ബാങ്കിന് 1,272 ശാഖകളും 1,874 എടിഎമ്മുകളും ഇന്ത്യയിലൂടനീളമുണ്ട്.