കൊച്ചി: വനിതാ ശാക്തീകരണ നടപടികള്‍ക്ക് ഏറെ പ്രാധാന്യം ലഭിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് വനിതകളുടെ ആരോഗ്യത്തിനു പിന്തുണ നല്‍കാനായി ജെന്‍വര്‍ക്സ് ഹെല്‍ത്ത് കാര്‍കിനോസ് ഹെല്‍ത്ത്കെയറുമായി സഹകരിക്കുന്നു. വനിതകളിലെ സെര്‍വിക്കല്‍ കാന്‍സര്‍ മുന്‍കൂട്ടി നിര്‍ണയിക്കുവാനും ചികില്‍സ നടത്തുവാനും ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്ന ഹ്യൂമണ്‍ പാപിലോമ വൈറസ് (എച്ച്പിവി) ഡിഎന്‍എ പരിശോധന നടത്തുന്നത് പ്രോല്‍സാഹിപ്പിക്കുവാനാണ് ഈ പങ്കാളിത്തത്തിലൂടെ ഉദ്ദേശിക്കുന്നത്.
സെര്‍വിക്കല്‍ കാന്‍സര്‍ മുന്‍കൂട്ടി നിര്‍ണയിക്കുന്നത് ചികില്‍സയുടെ സങ്കീര്‍ണതകള്‍ ഒഴിവാക്കാനും ചികില്‍സാ ചെലവു കുറയ്ക്കുവാനും സഹായകമാകും. ചില പ്രീ-കാന്‍സറുകള്‍ ആശുപത്രിയില്‍ കിടത്താതെയുള്ള ലളിതമായ പ്രക്രിയകളിലൂടെ ചികില്‍സിക്കാനും സാധിക്കും. തുടര്‍ ഘട്ടങ്ങളില്‍ കാന്‍സര്‍ നിര്‍ണയിക്കപ്പെടുന്ന അവസ്ഥയേക്കാള്‍ ഉയര്‍ന്ന വിമുക്തി നിരക്കും ഇവിടെയുണ്ടാകും.
ലോകത്ത് ആകെയുള്ള സെര്‍വിക്കല്‍ കാന്‍സര്‍ കേസുകളിലെ അഞ്ചില്‍ ഒന്ന് ഇന്ത്യയിലാണെന്നും ഇവിടെയുള്ള 79 വനിതകളില്‍ ഒരാള്‍ക്കു വീതം സെര്‍വിക്കല്‍ കാന്‍സര്‍ ബാധയുണ്ടെന്നും കാന്‍സര്‍ ഗവേഷണ രംഗത്തെ അന്താരാഷ്ട്ര ഏജന്‍സി (ഐഎആര്‍സി) പ്രസിദ്ധീകരിച്ച ഗ്ലോബോകാന്‍ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. സെര്‍വിക്കല്‍ കാന്‍സര്‍ നിര്‍ണയിക്കപ്പെടുന്ന വനിതകളില്‍ ഭൂരിഭാഗവും സങ്കീര്‍ണവും ചെലവേറിയതുമായ ചികില്‍സാ കാലത്തിലൂടെയാണു കടന്നു പോകുന്നത്. തുടര്‍ ഘട്ടങ്ങളിലാണ് ഇതു നിര്‍ണയിക്കപ്പെടുന്നത് എന്നതാണ് ഇത്തരം അവസ്ഥയിലേക്കു നയിക്കുന്നത്. പരിശോധനാ രീതികളെ കുറിച്ചുള്ള അറിവില്ലായ്മയും ഇത്തരം പരിശോധനകള്‍ക്ക് അവസരം ഇല്ലാത്തതുമാണ് ഈ പ്രശ്നത്തിനു കാരണം.
ഹ്യൂമണ്‍ പാപിലോമ വൈറസ് ഡിഎന്‍എ പരിശോധന എന്നത് ഇതു കണ്ടെത്താനുള്ള മാര്‍ഗങ്ങളിലെ സുവര്‍ണ നിലവാരമായാണ് വിദഗ്ദ്ധര്‍ കണക്കാക്കുന്നതെന്ന് കാര്‍കിനോസ് ഹെല്‍ത്ത്കെയറിലെ പ്രിവന്‍റീവ് ഓങ്കോളജി ഡയറക്ടര്‍ ഡോ രംഗസ്വാമി ശങ്കരനാരായണന്‍ ചൂണ്ടിക്കാട്ടി. ഹ്യൂമന്‍ പാപിലോമ വൈറസ് ആണ് 99 ശതമാനം സെര്‍വിക്കല്‍ കാന്‍സറുകള്‍ക്കും കാരണമാകുന്നത്. എച്ച്പിവി ഡിഎന്‍എ പരിശോധന സെര്‍വിക്കല്‍ സെല്‍ സ്പെസിമനുകളിലെ ചെറിയ മാറ്റങ്ങള്‍ പോലും കണ്ടെത്താന്‍ പര്യാപ്തമായതാണ്. വന്‍ അപകട സാധ്യതകള്‍ ഇതിലൂടെ ചൂണ്ടിക്കാട്ടപ്പെടും. എച്ച്പിവി ടെസ്റ്റ് നെഗറ്റീവ് ആണെങ്കില്‍ ആ വനിതയ്ക്ക് പരിശോധനാ വേളയില്‍ സെര്‍വിക്കല്‍ കാന്‍സര്‍ ഇല്ലെന്നു മനസിലാക്കാം. അടുത്ത 5-10 വര്‍ഷങ്ങളില്‍ ഇത് വികസിക്കാനും സാധ്യത വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോള്‍പോസ്കോപിയില്‍ നിര്‍മിത ബുദ്ധി അധിഷ്ഠിത രോഗനിര്‍ണയം നടത്തുന്ന മൊബൈല്‍ ഒഡിറ്റി-യുടെ ഇവിഎ കോള്‍പോസ്കോപുകളുടെ ദേശീയ തലത്തിലുളള വിതരണക്കാരാണ് ജെന്‍വര്‍ക്സ്. പോസീറ്റീവ് ആയി സ്ക്രീന്‍ ചെയ്യപ്പെട്ട വനിതകള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടോ എന്ന് ഉയര്‍ന്ന നിലയിലെ കൃത്യതയോടെ ഉറപ്പാക്കാന്‍ ഇത് ഗൈനകോളജിസ്റ്റുമാരെ സഹായിക്കും. ജെന്‍വര്‍ക്സിന് രാജ്യവ്യാപകമായുള്ള മുന്‍നിര ഗൈനക്കോളജിസ്റ്റുമാരടങ്ങിയ വിപുലമായ ഉപയോക്ത നിരയാണുള്ളത്.
മുന്‍കൂട്ടിയുള്ള ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ നല്‍കാനായി ഏറ്റവും മികച്ച സംവിധാനങ്ങള്‍ ഒരുക്കും വിധമാണ് തങ്ങളുടെ പങ്കാളിത്തമെന്ന് ജെന്‍വര്‍ക്സ് ഹെല്‍ത്ത് മാനേജിങ് ഡയറക്ടറും സിഇഒയും സ്ഥാപകനുമായ ഗണേഷ് പ്രസാദ് പറഞ്ഞു. തങ്ങളുടെ ശ്രമങ്ങള്‍ക്ക് ശക്തി പകരുന്നതാണ് കാര്‍കിനോസുമായുള്ള സഹകരണമെന്നാണ് വിശ്വസിക്കുന്നത്. പരിശോധനാ, രോഗനിര്‍ണയ മേഖലകളില്‍ തങ്ങളുടെ ശേഷിയും കാര്‍കിനോസിന്‍റെ ചികില്‍സാ രംഗത്തെ മികവും രാജ്യ വ്യാപകമായി സ്പെഷലിസ്റ്റ് സേവനങ്ങള്‍ താങ്ങാവുന്ന നിലയില്‍ ലഭ്യമാക്കാന്‍ ഈ പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പങ്കാളികളായ ഗൈനക്കോളജിസ്റ്റുമാരുടെ ക്ലിനികുകളിലും ആശുപത്രികളിലും എച്ച്പിവി ഡിഎന്‍എ പരിശോധന, കോള്‍പോസ്കോപിയിലൂടെയുള്ള രോഗനിര്‍ണയം ഉറപ്പാക്കല്‍ എന്നിവ വഴി കാര്‍കിനോസ് ഹെല്‍ത്ത്കെയറും ജെന്‍വര്‍ക്സും പ്രാഥമിക പരിശോധന ലഭ്യമാക്കും. കാര്‍കിനോസ്-ജെന്‍വര്‍ക്സ് ശൃംഖലയിലുള്ള ക്ലിനികുകളും ആശുപത്രികളും വഴി വനിതകള്‍ക്ക് തങ്ങളുടെ പട്ടണത്തില്‍ ഈ സേവനം പ്രയോജനപ്പെടുത്താം.
ഈ പരിശോധനകള്‍ ഇന്ത്യയില്‍ ഉടനീളം 30 മുതല്‍ 65 വയസു വരെയുള്ള എല്ലാ വനിതകള്‍ക്കും ലഭ്യമാണ്. സെര്‍വിക്കല്‍ കാന്‍സര്‍ ഉന്‍മൂലനം ചെയ്യുക എന്ന കാഴ്ചപ്പാടുമായി ഈ സേവനങ്ങള്‍ ഇന്ത്യയിലെ എല്ലാ പട്ടണങ്ങളിലും ലഭ്യമാക്കുകയാണ് ലക്ഷ്യം.