ചൂടു കൂടുമ്പോള്‍ മനസ് കുളിരുന്നത് രാജ്യത്തെ എയര്‍ കണ്ടീഷണര്‍ നിര്‍മാതാക്കളുടേതാണ്. ഈ വര്‍ഷവും പൊടിപൊടിച്ച കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍. 2024 മുതല്‍ 2027 വരെയുള്ള മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ എസി വിപണിയില്‍ 19 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് സൂചന. 2025 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പനയില്‍ 35-40 ശതമാനം വാര്‍ഷിക വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു. '2024 സാമ്പത്തിക വര്‍ഷത്തില്‍, 12 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് എസി വിപണിയിലുണ്ടായത്. ഏകദേശം 9.4 ദശലക്ഷം യൂണിറ്റുകളാണ് ഇക്കാലയളവില്‍ വിറ്റുപോയത്. ഓരോ വര്‍ഷവും കൂടി വരുന്ന അന്തരീക്ഷ താപം കാരണം പാര്‍പ്പിട സമുച്ചയങ്ങളും, വാണിജ്യ കെട്ടിടങ്ങളും എയര്‍ കണ്ടീഷണര്‍ സ്ഥാപിക്കുന്നത് വര്‍ധിച്ചുവരികയാണ്.
തിരിച്ചടിയായി കംപ്രസര്‍ ക്ഷാമം
നിലവില്‍ ഉല്‍പാദനം കാര്യമായി പുരോഗമിക്കുന്ന അവസരത്തില്‍ ആവശ്യത്തിന് കംപ്രസറുകള്‍ ഇല്ലാത്തത് നിര്‍മാതാക്കള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് കംപ്രസര്‍ ഇറക്കുമതി ചെയ്തിരുന്ന ഒരു ചൈനീസ് കമ്പനിയുടെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് സര്‍ട്ടിഫിക്കേഷന്‍ കാലഹരണപ്പെട്ടതാണ് കംപ്രസര്‍ ക്ഷാമത്തിന് കാരണം. 2024 ഒക്ടോബര്‍ മുതല്‍ ഈ കമ്പനി ഇന്ത്യയിലേക്കുള്ള കംപ്രസര്‍ കയറ്റുമതി നിര്‍ത്തിവച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സബ്സിഡികള്‍ കാരണം ചൈനയില്‍ വര്‍ദ്ധിച്ചുവരുന്ന എസി ഡിമാന്‍ഡ് ഇന്ത്യയിലേക്കുള്ള കംപ്രസര്‍ കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. ചൈനീസ് കയറ്റുമതിയില്‍ യുഎസ് ഏര്‍പ്പെടുത്തിയേക്കാവുന്ന താരിഫുകളെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം അമേരിക്കന്‍ വിപണിയിലേക്ക് പരമാവധി കയറ്റുമതി നടത്തുന്നതും ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയായി. ചില എസി നിര്‍മ്മാതാക്കള്‍ക്ക് കംപ്രസ്സര്‍ ക്ഷാമം ഉല്‍പ്പാദന നഷ്ടത്തിനും കാരണമായിട്ടുണ്ട്. ഇന്ത്യയിലെ എസികളുടെ വാര്‍ഷിക ഉല്‍പ്പാദനത്തിന്‍റെ ഏകദേശം 80 ശതമാനവും ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നടക്കുന്നത്. നിലവില്‍ 27,500 കോടി രൂപ (3.3 ബില്യണ്‍ യുഎസ് ഡോളര്‍) മൂല്യമുള്ളതാണ് രാജ്യത്തെ എസി വിപണി.