March 12, 2025

Login to your account

Username *
Password *
Remember Me

10-ല്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റി, ചരിത്ര മുന്നേറ്റമെന്ന് മന്ത്രി

Minister says internal committee in all government institutions with more than 10 employees is a historic step Minister says internal committee in all government institutions with more than 10 employees is a historic step
തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പോഷ് ആക്ട് പ്രകാരം സംസ്ഥാനത്തെ 95 സര്‍ക്കാര്‍ വകുപ്പുകളിലെ പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2023 ജനുവരിയിലാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരേയുള്ള ലൈംഗികാതിക്രമം തടയുന്നതിനായി, പോഷ് ആക്ട് പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പോഷ് പോര്‍ട്ടല്‍ ആരംഭിച്ചത്. ആ ഘട്ടത്തില്‍ നാമമാത്രമായ വകുപ്പുകളിലും ആയിരത്തോളം സ്ഥാപനങ്ങളിലും മാത്രമായിരുന്നു നിയമപ്രകാരം ഇന്റേണല്‍ കമ്മിറ്റികള്‍ ഉണ്ടായിരുന്നത്. എന്നാല്‍ പരമാവധി സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന് 2024 ഓഗസ്റ്റില്‍ വകുപ്പ് ജില്ലാ അടിസ്ഥാനത്തില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. കാല്‍ ലക്ഷത്തോളം സ്ഥാപനങ്ങളാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീകളുടെ ഉന്നമനത്തോടൊപ്പം അവര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷവും ഉറപ്പാക്കാനാണ് വനിതാ ശിശു വികസന വകുപ്പ് പരിശ്രമിക്കുന്നത്. സംസ്ഥാനത്തെ പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും നിയമപ്രകാരം ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം ഐടി പാര്‍ക്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയും ഐ.സി. കമ്മിറ്റികളുള്ള സ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
നവ കേരളത്തിന്റെ സൃഷ്ടിക്ക് വേണ്ടിയാണ് നാം പരിശ്രമിക്കുന്നത്. പുതിയ കേരളം സ്ത്രീപക്ഷ കേരളമാണ്, സ്ത്രീ സൗഹൃദ കേരളമാണ്. വനിതാ നയം കാലാനുസൃതമായി പരിഷ്‌ക്കരിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവുമായ ഉന്നമനത്തിന് വേണ്ടി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും, വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തൊഴില്‍ മേഖലയിലേക്ക് കടന്നുവരുന്ന സ്ത്രീകളെ സംബന്ധിച്ചും, വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ആവശ്യമായ പിന്തുണകള്‍ നല്‍കുന്നതിന് വേണ്ടിയിട്ടുള്ള പ്രത്യേക പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. സ്‌കില്ലിംഗ്, റീ സ്‌കില്ലിംഗ്, അപ് സ്‌കില്ലിംഗ് പ്രോഗ്രാമുകള്‍, തൊഴിലിടങ്ങളില്‍ ക്രഷ് സംവിധാനം എന്നിവ നടപ്പാക്കി. ഒറ്റയ്ക്കായി പോകുന്ന സ്ത്രീകളുടെ സംരക്ഷണത്തിനായും വിധവകളുടെ മക്കള്‍ക്ക് ഉന്നത പഠനത്തിനായും പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചതായും മന്ത്രി വ്യക്തമാക്കി.
മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അദീല അബ്ദുള്ള, വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടി, മാനേജിംഗ് ഡയറക്ടര്‍ വിസി ബിന്ദു, പ്ലാനിംഗ് ബോര്‍ഡ് അംഗം മിനി സുകുമാര്‍ എന്നിവര്‍ പങ്കെടുത്തു. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് സ്വാഗതവും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.