കൊച്ചി: വലിയ ഇടിവില്‍ നിന്ന് തിരിച്ചുകയറി കുതിച്ച സ്വര്‍ണം ഇന്ന് വില കുറഞ്ഞു. ആഭരണം വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരള വിപണിയിലും കാണുന്നത്. അതേസമയം, ഈ ട്രെന്‍ഡ് തുടരുമെന്ന് പറയാന്‍ സാധിക്കില്ല. എണ്ണവിലയും വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് അവസരമാണ്. ഇറക്കുമതി നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചതിനാല്‍ സ്വര്‍ണവിലയ്ക്ക് വലിയ ഇടിവ് വന്നിരുന്നു. പവന് 50400 രൂപ വരെ താഴുന്ന സാഹചര്യമുണ്ടായി. എന്നാല്‍ ആഗോള വിപണിയില്‍ വില ഉയര്‍ന്നതോടെ ഇന്ത്യയിലും വില കൂടി. 51840 രൂപ വരെ പവന്‍വില എത്തി. അതിനിടെയാണ് ഇന്ന് വലിയ ഇടിവ് വന്നിട്ടുള്ളത്. അറിയാം ഇന്നത്തെ പവന്‍ വില സംബന്ധിച്ച്..
22 കാരറ്റ് സ്വര്‍ണം ഒരു പവന് 51120 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 640 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 80 രൂപ കുറഞ്ഞ് 6390 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ കുറഞ്ഞ് 5285 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ മൂന്ന് രൂപ കുറഞ്ഞ് ഗ്രാമിന് 87 ആണ് ഇന്നത്തെ വില. അന്തര്‍ദേശീയ വിപണിയില്‍ ഇന്നലെ ഔണ്‍സ് സ്വര്‍ണത്തിന് 2458 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം 2360 ഡോളറിലേക്ക് താഴ്ന്നു. ഇന്ന് 2410 ഡോളറിലാണ് വില നില്‍ക്കുന്നത്.
എണ്ണ വില കഴിഞ്ഞ ദിവസം വലിയ ഇടിവ് നേരിട്ടിരുന്നു എങ്കിലും ഇന്ന് നേരിയ മുന്നേറ്റം പ്രകടമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 77.22 ഡോളര്‍ ആണ് പുതിയ വില. യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് ബാരലിന് 75.86 ഡോളര്‍ ആണ് വില. അമേരിക്കയുടെ ഡബ്ല്യുടിഐ ബാരലിന് 74.05 ഡോളര്‍ ആണ് വില. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം എണ്ണ വില വര്‍ധിക്കാന്‍ ഇടയാക്കുന്നതാണ്. വരും ദിവസങ്ങളില്‍ എണ്ണവിലയില്‍ കാതലായ മാറ്റം സംഭവിക്കുമെന്നാണ് പ്രതീക്ഷ.