April 27, 2024

Login to your account

Username *
Password *
Remember Me

കേരള സ്വകാര്യവനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) ഭേദഗതി ബില്ലിന് ഗവർണറുടെ അനുമതി

2023-ലെ കേരള സ്വകാര്യവനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) ഭേദഗതി ബില്ലിന് ഗവർണ്ണർ അനുമതി നൽകി. നിയമസഭ പാസാക്കിയവയിൽ അനുമതി ലഭിക്കാതെയിരുന്ന ബില്ലുകളിൽ ഒന്നായിരുന്നു ഈ ബിൽ. ഈ വിഷയത്തിൽ 2020 മേയ് മാസം ആദ്യം ഓർഡിനൻസ് പുറപ്പെടുവിക്കുകയും പിന്നീട് ആറ് തവണ ഓർഡിനൻസ് പുനർ വിളംബരം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നെങ്കിലും അതിന് പകരമുള്ള ബിൽ നിയമസഭയിൽ പാസാക്കാൻ സാധിച്ചിരുന്നില്ല. സുപ്രീംകോടതി വിധി പ്രകാരം സ്വകാര്യ വനഭൂമിയുടെ കാര്യത്തിലും ഭൂ പരിഷ്‌കരണ നിയമപ്രകാരം നൽകിയ പട്ടയം, ആധികാരിക രേഖയാണെന്ന് വിധിച്ചിരുന്നു. വിധി സംസ്ഥാനത്തെ സ്വകാര്യവനങ്ങളിൽപെട്ട നിബിഡ വനങ്ങളിൽ ഏറിയപങ്കും നഷ്ടപ്പെടാൻ ഇടയാക്കുമെന്നും ഹൈക്കോടതിയിൽ ഈ വിഷയത്തിൽ നിലനിൽക്കുന്ന കേസുകളിൽ ബഹുഭൂരിപക്ഷത്തിലും സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാവുമെന്നും സർക്കാരിന് ബോധ്യപ്പെട്ടിരുന്നു.


20000 ഹെക്ടർ നിബിഡ സ്വകാര്യ വനഭൂമി നഷ്ടപ്പെടുമെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിയമ നിർമാണത്തിന് സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്തെ സ്വകാര്യ വനങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വനഭൂമി സ്വകാര്യ വനഭൂമി ആണോ അല്ലയോ എന്ന് തീരുമാനിക്കാൻ 1971-ലെ സ്വകാര്യ വനങ്ങൾ നിക്ഷിപ്തമാക്കൽ നിയമപ്രകാരമുള്ള ഫോറസ്റ്റ് ട്രിബ്യൂണലുകൾക്കാണ് അധികാരം. ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ജന്മി-കുടിയാൻ ബന്ധം ഉള്ള കേസുകളിൽ മാത്രമാണ് പട്ടയം നൽകാവുന്നത്. അതിന് മാത്രമാണ് ലാൻഡ് ട്രിബ്യൂണലുകൾക്ക് അധികാരമുള്ളത്. വന ഭൂമിയ്ക്ക് പട്ടയം നൽകാൻ ലാൻഡ് ട്രിബ്യൂണലുകൾക്ക് അധികാരമില്ല. ഈ വ്യവസ്ഥ നിലനിൽക്കെയായിരുന്നു സുപ്രീം കോടതിയുടെ വ്യാഖ്യാനം വന്നത്. സ്വകാര്യ വനഭൂമിയ്ക്ക് ഭൂ പരിഷ്‌കരണ നിയമപ്രകാരം പട്ടയം നൽകുന്നത് നിലനിൽക്കില്ല എന്നതാണ് സർക്കാർ നിലപാട്. പട്ടയം എന്നത് മറ്റ് രേഖകൾക്കും തെളിവുകൾക്കും ഒപ്പം ഒരു രേഖയായി പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നിയമ നിർമ്മാണം നടത്തിയിട്ടുള്ളത്. 50 സെന്റ് വരെയുള്ള ഭൂമിയിൽ വീട് വച്ച് താമസിച്ചിരുന്ന ചെറുകിട ഭൂവുടമകളെ മാനുഷിക പരിഗണന നൽകി നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കി അവരുടെ ഭൂമി സർക്കാരിൽ നിക്ഷിപ്തമാക്കുന്നത് ഒഴിവാക്കുന്നതിനും ഭേദഗതി നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഭേദഗതി നിയമത്തിന് 10.05.1971 മുതൽ മുൻകാല പ്രബല്യം നൽകിയിട്ടുണ്ട്. സ്വകാര്യ വനഭൂമി സംരക്ഷിക്കുന്നതിനുള്ള വലിയൊരു കാൽവെപ്പാണ് ഇതെന്നും ചെറുകിട ഭൂ ഉടമകളെ ഒഴിവാക്കിയത് സാധാരണക്കാരായ ആളുകൾക്ക് ആശ്വാസമാകുമെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ പ്രതികരിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.