തിരുവനന്തപുരം നഗരത്തിന്റെ ഗതാഗത സൗകര്യങ്ങളുടെ വികസനത്തിന് തയ്യാറാക്കിയ സമഗ്ര ഗതാഗത പദ്ധതിയുടെ (സിഎംപി) കരട് റിപ്പോർട്ട് ചർച്ച ചെയ്യാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഗുണഭോക്തൃയോഗം നടത്തും. ഈ മാസം 29ന് വൈകീട്ട് നാല് മണിക്ക് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലാണ് യോഗം. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള മന്ത്രിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വ്യാപാരി-വ്യവസായി സംഘങ്ങളുടെ പ്രതിനിധികൾ, റസിഡൻസ് അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
കെഎംആർഎല്ലിന് വേണ്ടി അർബൻ മാസ് ട്രാൻസിറ്റ് കമ്പനി തയ്യാറാക്കിയ കരട് റിപ്പോർട്ട് ഗുണഭോക്തൃ യോഗത്തിൽ അവതരിപ്പിച്ച് ചർച്ച ചെയ്യും. ചർച്ചയിലെ നിർദ്ദേശങ്ങൾ അന്തിമ റിപ്പോർട്ടിലേക്ക് പരിഗണിക്കും. തിരുവനന്തപുരം നഗരത്തിന് ആവശ്യമായ ബസ് റാപിഡ് ട്രാൻസിറ്റ് സിസ്റ്റം, എംആർടിഎസ് ഇടനാഴികൾ, മൊബിലിറ്റി ഹബ്ബ് തുടങ്ങിയവയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ സമഗ്ര ഗതാഗത പദ്ധതി നൽകും. നഗരത്തിന്റെ ഗതാഗത സൗകര്യങ്ങളുടെ വികസനത്തിന് സഹായകരമാകുന്ന പഠനമാണ് സമഗ്ര ഗതാഗത പദ്ധതി. പൊതുഗതാഗത സംവിധാനങ്ങൾ, കാൽനടയാത്രികർക്കുള്ള സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനും പദ്ധതിയിലെ നിർദ്ദേശങ്ങൾ ഗുണകരമാകും.