March 29, 2024

Login to your account

Username *
Password *
Remember Me

ഇ-വാഹനങ്ങളുടെ സാമ്പത്തിക നേട്ടം ജനങ്ങളെ ബോധ്യപ്പെടുത്തണം: മന്ത്രി

പെട്രോൾ, ഡീസൽ വാഹനങ്ങളിൽനിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുമ്പോഴുള്ള സാമ്പത്തികനേട്ടം ജനങ്ങളെ വിശദമായി ബോധ്യപ്പെടുത്തണമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊർജസംരക്ഷണം നടപ്പാക്കുക, പെട്രോളിയം ഇന്ധനങ്ങളുടെ വില വർധന മൂലമുള്ള പ്രയാസങ്ങളിൽനിന്നു രക്ഷനേടുക തുടങ്ങിയ ഉദ്ദേശങ്ങൾ മുൻനിർത്തിയാണു സംസ്ഥാന സർക്കാർ ഇ-മൊബിലിറ്റി നയം പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എസ്.ഇ.ബി. സംഘടിപ്പിച്ച ഇ-മൊബിലിറ്റി കോൺക്ലേവ് ‘ഇ-വാട്ട്സ് 22’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


സാധാരണ പെട്രോൾ ഇന്ധനത്തിൽ ഓടുന്ന ഒരു ഓട്ടോറിക്ഷ ഇലക്ട്രിക് ഓട്ടോയിലേക്ക് മാറിയാൽ ദിവസം 900 രൂപ വരെ ലഭിക്കാൻ കഴിയുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ദിവസം അഞ്ചു ലിറ്റർ ഡീസൽ നിറയ്ക്കുന്ന കാറുടമയ്ക്ക് പ്രതിമാസം 12,000 രൂപ വരെ ലാഭിക്കാൻ സാധിക്കും. ഈ കണക്കു വിശദമായി ജനങ്ങളിലെത്തിക്കാൻ സാധിച്ചാൽ വലിയ മാറ്റമുണ്ടാക്കാനാകും – മന്ത്രി പറഞ്ഞു.


ഇ-വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകളുടെ കാര്യത്തിൽ സ്വകാര്യ മേഖലയ്ക്കു കൂടുതൽ പങ്കുവഹിക്കാനാകും. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ പോകുന്ന ഹോട്ടലുകളിൽ ചാർജിങ് സ്റ്റേഷൻ ഉണ്ടാവുകയാണെങ്കിൽ അത് ചാർജിങ് സൗകര്യത്തോടൊപ്പം ഹോട്ടൽ നടത്തിപ്പുകാർക്ക് അധിക വരുമാനമുണ്ടാക്കും. ബാങ്കുകളുമായി ധാരണയുണ്ടാക്കി ഇലക്ട്രിക് വാഹനങ്ങൾ കുറഞ്ഞ പലിശ നിരക്കിൽ ലഭ്യമാക്കണം. ഇ-വാഹനങ്ങൾ ചാർജ് ചെയ്യാൻ 70 ലധികം ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും 1165 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളുമുൾപ്പെടെ വിപുലമായ സൗകര്യമാണു കേരളത്തിലുള്ളത്. ഇതു ദേശീയശ്രദ്ധ ആകർഷിച്ച ഒന്നാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ വകയിരുത്തിയ 8.2 കോടി രൂപയിൽ അഞ്ചു കോടി കൈമാറിയ ഗതാഗത വകുപ്പിനെ വൈദ്യുതി മന്ത്രി അഭിനന്ദിച്ചു. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന കെ.എസ്.ഇ.ബിയുടെ ആപ്പ്, KeMapp ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു. ഊർജ, വനം, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി സി.എം.ഡി ഡോ. രാജൻ ഖോബ്രഗഡെ, ചീഫ് എൻജിനീയർ (റീസ്) ജി. സജീവ്, ഡയറക്ടർ (റീസ്) ആർ സുകു തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ നാലോളം ടെക്നിക്കൽ സെഷനുകൾ നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഊർജ വിദഗ്ധർ, ശാസ്ത്രജ്ഞർ തുടങ്ങിയവർ ചർച്ചകൾ നയിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.