കൊച്ചി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള വനികള്‍ക്കായി ഫെഡറല്‍ ബാങ്ക് നടപ്പിലാക്കി വരുന്ന വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ സ്വയംതൊഴില്‍ പരിശീലന കോഴ്സിന്‍റെ പുതിയ ബാച്ചിന് തുടക്കമായി. ഫെഡറല്‍ സ്കില്‍ അക്കാഡമിയില്‍ 18നും 35നുമിടയല്‍ പ്രായമുള്ള വനിതകള്‍ക്കാണ് മൂന്ന് മാസത്തെ തയ്യല്‍ പരിശീലനം നല്‍കുന്നത്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന യോഗ്യരായവര്‍ക്ക് തയ്യല്‍ മെഷീന്‍ നല്‍കുന്നതാണ് . യോഗ്യരായ ഗുണഭോക്താക്കളെ കണ്ടെത്തി അവരെ തൊഴില്‍നിപുണരാക്കി സ്വയംതൊഴിലിന് യോഗ്യരാക്കി മാറ്റുകയാണ് കോഴ്സിന്‍റെ ലക്ഷ്യം.
കച്ചേരിപ്പടി വിമല വെല്‍ഫയര്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ പുതിയ ബാച്ചിന്‍റെ ഉദ്ഘാടനം ഫെഡറല്‍ ബാങ്ക് നിയമ വിഭാഗം മേധാവിയും എസ് വി പിയുമായ ശബ്നം പി എം നിര്‍വഹിച്ചു. എറണാകുളം സോണല്‍ ഓഫീസ് ഡിവിപി മീര എസ്, ഡിവിപിയും സിഎസ്ആര്‍ ഹെഡുമായ അനില്‍ സി ജെ എന്നിവര്‍ പങ്കെടുത്തു. 'സ്വന്തം കഴിവുകളെക്കുറിച്ച് അവബോധമോ ആത്മവിശ്വാസമോ ഇല്ലാത്തതാണ് സ്ത്രീകളുടെ സ്വയം ശാക്തീകരണത്തിന് വിലങ്ങാകുന്നത്. സ്വയം ശാക്തീകരണത്തിനായി സ്ത്രീകള്‍ തങ്ങള്‍ക്കുള്ളിലെ ഉത്സാഹം നിരന്തരം ജ്വലിപ്പിക്കേണ്ടതുണ്ട്'. ശബ്നം പി എം പറഞ്ഞു.
ഫെഡറല്‍ ബാങ്കിന്‍റെ സിഎസ്ആര്‍ പദ്ധതിയുടെ കീഴിലുള്ള ഫെഡറല്‍ സ്കില്‍ അക്കാഡമി മുഖേനയാണ് വനിതകള്‍ക്കായി ഇത്തരം തൊഴില്‍ പരിശീലന കോഴ്സുകള്‍ നടത്തിവരുന്നത്. എസ്ബി ഗ്ലോബല്‍ എജ്യുക്കേഷണല്‍ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പങ്കാളിത്തത്തിലാണ് ബാങ്ക് പദ്ധതി നടപ്പിലാക്കുന്നത്. 2016ല്‍ തുടക്കമിട്ട അക്കാഡമി ഇതിനകം സാമ്പത്തിക പിന്നാക്കവസ്ഥയിലുള്ള നൂറുകണക്കിന് വനിതകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി സ്വയംസംരഭകരാക്കി മാറ്റിയിട്ടുണ്ട്.