കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ 2025 ഓടെ ആഗോള തലത്തില്‍ പത്തോ അതിലേറെയോ വൈദ്യത മോഡലുകള്‍ പുറത്തിറക്കും. അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ വൈദ്യുത മോഡലുകളുടെ വാര്‍ഷിക വില്‍പന പത്തു ലക്ഷം വാഹനങ്ങളാക്കാനും 2030-ഓടെ ആകെ വില്‍പനയുടെ 15 ശതമാനം വരുന്ന 35 ലക്ഷം വാഹനങ്ങളായി വില്‍പന ഉയര്‍ത്താനും കമ്പനി ലക്ഷ്യമിടുന്നു.
2040 ഓടെ തങ്ങളുടെ എല്ലാ മോട്ടോര്‍സൈക്കിള്‍ ഉല്‍പന്നങ്ങളുടേയും കാര്യത്തില്‍ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വൈദ്യുതീകരണ നീക്കങ്ങള്‍ ശക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കള്‍ എന്ന നിലയില്‍ കാര്‍ബണ്‍ ന്യൂട്രാലിറ്റി നീക്കങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിനാണ് ഹോണ്ടയുടെ ശ്രമം.
2050-ഓടെ തങ്ങളുടെ എല്ലാ ഉല്‍പന്നങ്ങളുടേയും കോര്‍പറേറ്റ് പ്രവര്‍ത്തനങ്ങളുടേയും കാര്യത്തില്‍ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുയാണ് ഹോണ്ടയുടെ ലക്ഷ്യമെന്ന് കൊഹേയ് ടകൂച്ചിയും (ഡയറക്ടര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്, റെപ്രെസെന്‍ററ്റീവ് എക്സിക്യൂട്ടീവ് ഓഫീസര്‍) യോഷിഷിഗേ നോമുറയും (മാനേജിങ് ഓഫിസര്‍) അറിയിച്ചു.
കാര്‍ബണ്‍ ന്യൂട്രാലിറ്റിക്ക് ഒപ്പം ഉപഭോക്താക്കളുടെ വിപുലമായ ആവശ്യങ്ങളും നിറവേറ്റുന്ന വിധത്തിലായിരിക്കും കമ്പനിയുടെ നീക്കങ്ങള്‍. ഐസിഇ മോഡലുകളിലെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാനുള്ള നീക്കങ്ങളും ഹോണ്ട തുടരും. ഫ്ളെക്സ്-ഫ്യുവല്‍ മോഡലുകള്‍ നിലവില്‍ ലഭ്യമായ ബ്രസീലിനു പുറമെ ഇന്ത്യയിലും ഇവ അവതരിപ്പിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഫ്ളെക്സ്-ഫ്യുവല്‍ ഇ20 മോഡലുകള്‍ 2023-ലും ഇ100 മോഡലുകള്‍ 2025-ലും അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ബിസിനസ് വൈദ്യുത ബൈക്കുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൈവരിക്കുന്നതു കണക്കിലെടുത്തുള്ള വൈദ്യുത മോട്ടോര്‍ സൈക്കിളുകളും കമ്പനി പുറത്തിറക്കും. തായ്ലാന്‍റില്‍ ഇതിന്‍റെ പരീക്ഷണങ്ങള്‍ നിലവില്‍ നടന്നു വരുന്നുണ്ട്. ചെറിയ പാക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനു സഹായകമായതും ചാര്‍ജിങ് സമയം സംബന്ധിച്ച പ്രശ്നങ്ങള്‍ മറികടക്കുന്നതുമായിരിക്കും ഇവ. ഇതിനൊപ്പം വ്യക്തിഗത ഉപയോഗത്തിനുള്ള വൈദ്യുത ബൈക്കുകളുടെ രംഗത്തും മുന്നേറ്റം നടത്തും. 2024, 2025 വര്‍ഷങ്ങളില്‍ രണ്ട് കമ്യൂട്ടര്‍ വൈദ്യുത മോഡലുകള്‍ ഏഷ്യ, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ഫണ്‍ വിഭാഗത്തിലുള്ള രണ്ടു മോഡലുകള്‍ ജപ്പാനിലും, അമേരിക്കയിലും യൂറോപ്പിലും പുറത്തിറക്കാനും ഉദ്ദേശിക്കുന്നുണ്ട്.
ബാറ്ററി ഷെയറിങ്, ബാറ്ററി ഏകീകരണം, സോഫ്റ്റ് വെയര്‍ സാങ്കേതികവിദ്യാ രംഗം എന്നീ രംഗങ്ങളിലും വന്‍ മുന്നേറ്റങ്ങള്‍ നടത്താനാണ് ഹോണ്ട പദ്ധതിയിടുന്നത്.