നിരക്ഷരരും അശരണരും ആലംബഹീനരുമായി ജീവിതത്തിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റി നിർത്തപ്പെട്ട ഒരു ജനതയെ അറിവിന്റെയും, വിജ്ഞാനത്തിന്റെയും, ആത്മീയതയുടേയും ഉന്നതിയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ഭഗവാൻ ശ്രീ നാരായണ ഗുരുദേവന്റെ ജന്മദിനമാണ് ചിങ്ങമാസത്തിലെ ചതയം നക്ഷത്രം.
2022 സെപ്തംബർ 10 ന് ഭഗവാൻ്റെ 168 മത് ജയന്തിദിനം ആഘോഷിക്കുകയാണ്. ഗുരു ദര്‍ശനത്തിന് ഏറെ പ്രാധാന്യവും പ്രശസ്‌തിയും വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് ശ്രീ നാരായണ ഗുരുദേവന്റെ സ്‌മരണ പോലും നമ്മെ ഹര്‍ഷ പുളകിതരാക്കും. നവോത്ഥാന പ്രസ്ഥാനത്തിന്റെ ദീപ്‌ത നക്ഷത്രമായ ഗുരു അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട് മലിനമായ മലയാളി മനസ്സിനെ പവിത്രമാക്കുവാന്‍ നിശ്ബ്ദമായ സാമൂഹ്യവിപ്ലവം ആത്മീയതയിലൂന്നി നടപ്പിലാക്കുകയായിരുന്നു.
സ്വാതന്ത്ര്യത്തിൻ്റെ ജീവവായു നുകരുന്ന ഏതൊരുവനും ഹൃദയത്തിൽ ചേർത്തു വയ്ക്കുന്ന നന്മയുടെ രൂപമാണ് ' ഭഗവാൻ ശ്രീ നാരായണ ഗുരു ' ആ മഹാഗുരുവിൻ്റെ ഏറ്റവും വലിയ സ്മരണ എന്നത് സ്നേഹവും നന്മയും സാഹോദര്യവും നിറഞ്ഞു നിൽക്കുന്ന നമ്മുടെ സാമൂഹ്യ ചുറ്റുപാടുകൾ തന്നെയാണ് മഹത്തായ ഈ പാരമ്പര്യത്തെ അതേ നിലയിൽ നിലനിർത്തുവാനുള്ള ദൃഢപ്രതിജ്ഞയാവട്ടെ ഈ ചതയ നാളിലെ നമ്മുടെ ഗുരുപൂജ.