കൊച്ചി: ഈ ഉത്സവ സീസണിൽ ഇന്ത്യയിലെ പ്രമുഖ വാഹന നി൪മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഇന്ത്യയിലെ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കുമായി സഹകരിച്ച് അംഗീകൃത പാസഞ്ച൪ ഇവി ഡീല൪മാ൪ക്കായി പ്രത്യേക ഇലക്ട്രിക് വാഹന ഡീല൪ ഫിനാ൯സിംഗ് പദ്ധതി അവതരിപ്പിക്കുന്നു. പദ്ധതിക്ക് കീഴിൽ ഡീല൪മാ൪ക്ക് തങ്ങളുടെ ഐസിഇ (ഇന്റേണൽ കമ്പസ്റ്റ൯ എ൯ജി൯) വായ്പാ പരിധിക്ക് മുകളിൽ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച ആക൪ഷകമായ പ്രത്യേക നിരക്കിലായിരിക്കും (റിപ്പോ ലിങ്ക്ഡ് ലെ൯ഡിംഗ് റേറ്റ് (ആ൪എൽഎൽആ൪) വായ്പ ലഭിക്കുക. 60 മുതൽ 75 ദിവസം വരെയാണ് തിരിച്ചടവ് കാലാവധി. പീക്ക് സീസണിന്റെ ഘട്ടത്തിൽ അധിക വായ്പാ പരിധിയും ബാങ്ക് നൽകും. വ൪ഷത്തിൽ മൂന്ന് തവണ വരെ ഇത് ഡീല൪മാ൪ക്ക് ലഭ്യമാകും.
പങ്കാളിത്തവുമായി ബന്ധപ്പെട്ട ധാരണാപത്രം ടാറ്റ മോട്ടോഴ്സ് പാസഞ്ച൪ വെഹിക്കിൾസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ട൪ ശൈലേഷ് ചന്ദ്രയും ആക്സിസ് ബാങ്ക് റീട്ടെയ്ൽ ലെ൯ഡിംഗ് ആ൯ഡ് പെയ്മെന്റ്സ് ഗ്രൂപ്പ് എക്സിക്യൂട്ടീവും മേധാവിയുമായ സുമിത് ബാലിയും ഒപ്പിട്ടു. ഇരു കമ്പനികളിലെയും മറ്റ് മുതി൪ന്ന എക്സിക്യൂട്ടീവുമാരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്.