കൊച്ചി: റബര്‍ ബോർഡിന്റെ ഏറ്റവും പുതിയ ഇ-ട്രേഡിങ് പ്ലാറ്റ്‌ഫോം ആയ ‘എംറൂബ്’ ന്റെ ഔദ്യോഗിക ബാങ്കിങ് പങ്കാളിയായി ഫെഡറല്‍ ബാങ്കിനെ തെരഞ്ഞെടുത്തു. പ്രകൃതിദത്ത റബര്‍ വ്യാപാരം ചെയ്യുന്ന ഇടപാടുകാര്‍ക്കായി ആരംഭിച്ച ഏകീകൃത ട്രേഡിങ് പ്ലാറ്റ്‌ഫോമാണ് എംറൂബ്. റബര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതോടൊപ്പം തടസ്സങ്ങളില്ലാതെ വ്യാപാരം നടത്താനുള്ള സൗകര്യവും എംറൂബിൽ ലഭ്യമാണ്. ഈ പ്ലാറ്റ്‌ഫോമില്‍ തടസ്സങ്ങളില്ലാതെ ഇടപാടുകള്‍ സാധ്യമാക്കുന്നതിനുള്ള ബാങ്കിങ് എപിഐ സേവനങ്ങളാണ് ഫെഡറല്‍ ബാങ്ക് നല്‍കുന്നത്. മുന്‍കൂര്‍ പണം നല്‍കുന്നതിനും റീഫണ്ട് ചെയ്യുന്നതിനുമായി റബര്‍ വില്‍പ്പനക്കാര്‍ക്ക് അധിക ചാര്‍ജുകളില്ലാതെ ആദ്യ ആറു മാസക്കാലത്തേക്ക് ഒഡി സേവനവും ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കും. ഇടപാടു നടന്നയുടനെ തന്നെ പേമെന്റുകള്‍ സ്വീകരിക്കാനുള്ള സംവിധാനം വൈകാതെ ലഭ്യമാകുന്നതാണ്.
റബര്‍ വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഏറെ ആകര്‍ഷകമായ ട്രേഡിങ് പ്ലാറ്റ്‌ഫോം ആണ് റബര്‍ ബോര്‍ഡിന്റെ എംറൂബ്. ഇതിനുള്ള ബാങ്കിങ് എപിഐ സേവനങ്ങള്‍ നല്‍കാനായതില്‍ അഭിമാനമുണ്ട്. പരമ്പരാഗത ചരക്കു വിപണിയെ ഡിജിറ്റല്‍വല്‍ക്കരിക്കാനും അതുവഴി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനും ഇതിലൂടെ സാധിക്കുന്നതാണ്. റബര്‍ ബോര്‍ഡുമായി ചേര്‍ന്ന് ഈ പ്ലാറ്റ്‌ഫോം ഇനിയും വിപുലീകരിക്കുകയാണ് ലക്ഷ്യം, ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.
വിലയുടെ കാര്യത്തിലും വിപണി ദൃശ്യതയിലും എംറൂബ് ഒരു വലിയ മാറ്റം സൃഷ്ടിക്കാനൊരുങ്ങുകയാണ്. പ്രകൃതിദത്ത റബര്‍ ഒരു സുപ്രധാന വ്യവസായിക അസംസ്‌കൃത വസ്തുവും തോട്ടവിളയുമാണ്. തെക്കെ ഇന്ത്യയിലും വടക്കുകിഴക്കന്‍ മേഖലയിലും പ്രധാനമായും കൃഷി ചെയ്യപ്പെടുന്ന റബര്‍ 13 ലക്ഷം പേരുടെ ജീവനോപാധിയാണ്. 15000 വ്യവസായ സംരഭങ്ങളും ഈ രംഗത്തുണ്ട്. ഈ മേഖലയില്‍ നിലവിലുള്ള വിതരണ ശൃംഖലയില്‍ വില്‍പ്പനക്കാരേയും വാങ്ങുന്നവരേയും നേരിട്ട് ഒരു പ്ലാറ്റ്‌ഫോമില്‍ എത്തിച്ച് ഇ-വിപണി വിപുലപ്പെടുത്തുകയാണ് എംറൂബിലൂടെ ലക്ഷ്യമിടുന്നത്. എംറൂബ് വഴി റബര്‍ വ്യാപാരികള്‍ക്കും വാങ്ങുന്നവര്‍ക്കും മികച്ച വിലയും അനുയോജ്യമായ റബര്‍ ഉല്‍പ്പന്നങ്ങളും വേഗത്തില്‍ കണ്ടെത്താം. ഈ പ്ലാറ്റ്‌ഫോം രാജ്യത്തെ റബര്‍ വിപണിയെ കൂടുതല്‍ കാര്യക്ഷമമാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും, റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ എന്‍ രാഘവന്‍ ഐആര്‍എസ് പറഞ്ഞു.
റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറായ ഡോ. കെ എന്‍ രാഘവന്‍ ഐആര്‍എസ്, ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യര്‍, ബാങ്കിന്റെ എസ് വി പിയും ഡെപോസിറ്റ്‌സ് വിഭാഗം കണ്ട്രി ഹെഡുമായ രതീഷ് ആര്‍, ബാങ്കിന്റെ വൈസ് പ്രസിഡന്റും കോട്ടയം സോണല്‍ ഹെഡുമായ ബിനോയ് അഗസ്റ്റിന്‍, റബര്‍ ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഇടപാടുകാർക്കായി എംറൂബ് പുറത്തിറക്കി.