കൊച്ചി: റീട്ടെയില്‍, ഇ-കോമേഴ്സ് മേഖലകളിലെ വാങ്ങലുകള്‍ക്ക് കാര്‍ഡ് രഹിത ഇഎംഐ സൗകര്യം ഏര്‍പ്പെടുത്താന്‍ ഐസിഐസിഐ ബാങ്ക് മുന്‍നിര ഡിജിറ്റല്‍ ഇഎംഐ-പേ ലേറ്റര്‍ സേവന ദാതാക്കളായ സെസ്റ്റ്മണിയുമായി സഹകരിക്കും. ബാങ്കിന്‍റെ ഉപഭോക്താക്കള്‍ക്ക് മുന്‍കൂര്‍ അനുമതിയുള്ള കാര്‍ഡ് രഹിത വായ്പകള്‍ ഉപയോഗപ്പെടുത്തി സാധനങ്ങളും സേവനങ്ങളും വാങ്ങാന്‍ ഇതു സഹായകമാകും.
ഇങ്ങനെ വാങ്ങുന്നതിനുളള തുക ഇഎംഐ ആയി മാറ്റാനാവും. 10 ലക്ഷം രൂപ വരെയുള്ള ഇടപാടുകളാണ് ലളിതമായി തങ്ങളുടെ രജിസ്ട്രേഡ് മൊബൈല്‍ നമ്പര്‍ നല്‍കി ഇങ്ങനെ ഇഎംഐ ആയി മാറ്റാനാവുക. തെരഞ്ഞെടുത്ത ഇ-കോമേഴ്സ് സൈറ്റുകളില്‍ നിലവില്‍ ലഭ്യമാക്കിയിട്ടുള്ള ഈ സേവനം ഉടന്‍ തന്നെ റീട്ടെയില്‍ സ്റ്റോറുകളിലും അവതരിപ്പിക്കും.
ഉപഭോക്താക്കള്‍ക്കു നവീനവും ലളിതവുമായ സേവനങ്ങള്‍ ലഭ്യമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഈ സഹകരണത്തെ കുറിച്ചു സംസാരിക്കവെ ഐസിഐസിഐ ബാങ്ക് അണ്‍സെക്യൂഡ് ആസ്തി വിഭാഗം മേധാവി സുദിപ്ത റോയ് പറഞ്ഞു.
ഇഎംഐ വിഭാഗത്തെ മുന്നോട്ടു നയിക്കാന്‍ ബാങ്ക്, ഫിന്‍ടെക് സഹകരണം സഹായിക്കുമെന്ന് സെസ്റ്റ്മണി സിഇഒയും സഹ സ്ഥാപകനുമായ ലിസ്സി ചാപ്മാന്‍ പറഞ്ഞു.