കൊച്ചി: വായ്പകള്‍ക്കായുള്ള ഡിമാന്‍റ് ഉല്‍സവ സീസണു ശേഷവും വളരുകയാണെന്നും 2022 ജനുവരിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 33 ശതമാനം വളര്‍ച്ച കൈവരിച്ചതായും ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ ക്രെഡിറ്റ് മാര്‍ക്കറ്റ് സൂചികയുടെ രണ്ടാം പതിപ്പ് ചൂണ്ടിക്കാട്ടുന്നു. മിക്കവാറും എല്ലാ ചെറുകിട വായ്പാ മേഖലകളും സ്ഥിരത കൈവരിച്ചതായും ഇതു സൂചിപ്പിക്കുന്നു.
സ്വകാര്യ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും 2021-ന്‍റെ രണ്ടാം പകുതിയില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. മിക്കവാറും സംസ്ഥാനങ്ങള്‍ വായ്പാ ഗുണനിലവാരത്തിന്‍റെ കാര്യത്തില്‍ മികച്ച നില കൈവരിച്ചിട്ടുമുണ്ട്. വായ്പകള്‍ക്കായുള്ള അന്വേഷണങ്ങളുടെ കാര്യം പരിശോധിക്കുമ്പോള്‍ കണ്‍സ്യൂമര്‍ ഡൂറബിള്‍ വായ്പകള്‍ 97 ശതമാനവും പേഴ്സണല്‍ വായ്പകള്‍ 80 ശതമാനവും വര്‍ധനവു രേഖപ്പെടുത്തിയിട്ടുണ്ട്. ഉല്‍സവ കാലത്തിനു ശേഷവും ഈ ഡിമാന്‍ഡ് തുടരുകയാണ്. വായ്പാ അന്വേഷണ വ്യാപ്തി 2021 ജനുവരിയിലെ പത്തു ശതമാനം ഇടിവിനെ അപേക്ഷിച്ച് 2022 ജനുവരിയില്‍ 33 ശതമാനം വളര്‍ച്ചയാണു രേഖപ്പെടുത്തിയിട്ടുള്ളത്.
കോവിഡിന്‍റെ മൂന്നാം തരംഗമുണ്ടായെങ്കിലും രാജ്യത്തെ ചെറുകിട വായ്പാ മേഖല വളര്‍ച്ചാ പ്രവണതയുമായി തുടര്‍ന്നതായി ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു.