കൊച്ചി : ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ 5% ഓഹരി കേന്ദ്രസര്‍ക്കാര്‍ വില്‍ക്കുന്നു. ഇതിനായുള്ള പ്രാരംഭ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണമായിരിക്കും ഇത്. നിലവില്‍ എല്‍ ഐ സിയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിന് സ്വന്തമാണ്. ഓഫര്‍ ചെയ്യുന്ന ഓഹരികളുടെ 10% വരെ പോളിസി ഉടമകള്‍ക്കുള്ളതായിരിക്കും. ആറ് പതിറ്റാണ്ട് പഴക്കമുള്ള ഇന്‍ഷൂറന്‍സ് ഭീമനായ എല്‍ ഐ സിയ്ക്ക് 2,000-ത്തിലധികം ശാഖകളും 100,000-ത്തിലധികം ജീവനക്കാരും ഏകദേശം 286 ദശലക്ഷം പോളിസികളും ഉണ്ട്. ഏകദേശം 530 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്.
39.49 ട്രില്യണ്‍ രൂപ സ്റ്റാന്‍ഡ് എലോണ്‍ അടിസ്ഥാനത്തില്‍ നിക്ഷേപിച്ചിരിക്കുന്നു. അതില്‍ 9.78 ട്രില്യണ്‍ ഇക്വിറ്റികളിലാണ് നിക്ഷേപിച്ചിരിക്കുന്നത്, അതില്‍ ഭൂരിഭാഗവും നിഫ്റ്റി 200, ബിഎസ്ഇ 200 സൂചികകളിലെ കമ്പനികളാണ്. 10 രൂപ അടിസ്ഥാന വിലയുള്ള 316,249,885 ഇക്വിറ്റി ഓഹരികള്‍ പബ്ലിക് ഇഷ്യു വഴി വില്‍ക്കാന്‍ സര്‍ക്കാര്‍ നോക്കുകയാണെന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) പറയുന്നു.
എല്‍ ഐ സിയുടെ ഓഹരി വിറ്റഴിക്കാന്‍ വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിവരികയാണ്. ഈ മാസം കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലും എല്‍ ഐ സി വില്പന ഉള്‍പ്പെട്ടിരുന്നു. കെ-ഫിന്‍ ടെക്‌നോളജീസിനാണ് ഓഹരിവില്പനയുടെ ചുമതല. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്യും. സാധാരണ രീതിയില്‍ ഐപിഒയ്ക്ക് രേഖകള്‍ സമര്‍പ്പിച്ചാല്‍ സെബി അനുമതി ലഭിക്കാന്‍ കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കും. എന്നാല്‍ എല്‍ഐസിയുടെ കാര്യത്തില്‍ മൂന്നാഴ്ചക്കുള്ളില്‍ അനുമതി നല്‍കിയേക്കാം.