തൃശൂര്‍: ജോലി ദിനങ്ങള്‍ നാലര ദിവസമായി പുനഃക്രമീകരിച്ച് തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടിങ്, സര്‍വീസ് കമ്പനി വാല്യൂമെന്റര്‍. ആഴ്ച്ചയില്‍ നാലര ദിവസമായാണ് കമ്പനി ജോലി സമയം പുനഃക്രമീകരിച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിയാഴ്ച ഉച്ചവരെയാണ് പുതിയ ജോലി സമയം. ജീവനക്കാര്‍ക്ക് ജോലി ചെയ്യുന്ന സ്ഥലത്തും സമയത്തിലും കൂടുതല്‍ സൗകര്യങ്ങളൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പുതിയ തീരുമാനം. ഇന്ത്യ, യു.എസ്, യു.എ.ഇ എന്നീ രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന വാല്യൂമെന്ററിലെ എല്ലാ ജീവനക്കാരും കമ്പനിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. 2014ല്‍ ആരംഭിച്ച കമ്പനിയില്‍ 90ലധികം ജീവനക്കാരാണുള്ളത്.
ജോലി സമയം പുനഃക്രമീകരിച്ചത് എല്ലാ ജീവനക്കാരുടെയും ജോലിയിലും ജീവിതത്തിലും നല്ല മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വാല്യൂമെന്റര്‍ ഫൗണ്ടറും സി.ഇ.ഒയുമായ ബിനോയ് കൂനമ്മാവ് പറഞ്ഞു. കമ്പനിയുടെ വിജയത്തിന് പിന്നില്‍ ഇവിടുത്തെ ജീവനക്കാരാണ്. അവര്‍ക്ക് പഠിക്കാനും ആരോഗ്യസംരക്ഷണത്തിനും വിനോദത്തിനുമെല്ലാം സമയം ആവശ്യമാണ്. ജോലിക്കപ്പുറം ജീവിതത്തിന് പ്രാധാന്യം നല്‍കുന്ന പുതിയ നയം കമ്പനിയെ കൂടുതല്‍ വിജയവഴികളിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.