കൊച്ചി - നിപ്പോണ്‍ ഇന്ത്യ മ്യൂചല്‍ ഫണ്ട് ഓട്ടോ മേഖലയില്‍ ഇന്ത്യയിലെ ആദ്യ ഇടിഎഫ് ആയ നിപ്പോണ്‍ ഇന്ത്യ നിഫ്റ്റി ഓട്ടോ ഇടിഎഫ് അവതരിപ്പിച്ചു. നിഫ്റ്റി ഓട്ടോ സൂചികയെ പ്രതിഫലിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഓപണ്‍ എന്‍ഡഡ് പദ്ധതിയാണിത്. ജനുവരി അഞ്ചിന് ആരംഭിച്ച പുതിയ ഫണ്ട് ഓഫര്‍ 14ന് അവസാനിക്കും. ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. നിഫ്റ്റി ഓട്ടോ സൂചികയുടെ രീതി പിന്തുടര്‍ന്ന് 15 മുന്‍നിര ഓട്ടോ കമ്പനികളിലാവും ഇതു നിക്ഷേപിക്കുക. കാറുകള്‍, ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍, ഓട്ടോ ആന്‍സിലറീസ്, ടയറുകള്‍ തുടങ്ങിയ മേഖലകളിലാവും ഇങ്ങനെ നിക്ഷേപിക്കുക. ഇടിഎഫ് മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന നിപ്പോണ്‍ ഇന്ത്യ മ്യൂചല്‍ ഫണ്ടിന്റെ മറ്റൊരു കൂട്ടിച്ചേര്‍ക്കലാണ് നിഫ്റ്റി ഓട്ടോ ഇടിഎഫ് എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ നിപ്പോണ്‍ ഇന്ത്യ മ്യൂചല്‍ ഫണ്ട് ഇടിഎഫ് മേധാവി ഹെമന്‍ ഭാട്ടിയ പറഞ്ഞു. വാഹന മേഖലയുടെ മൊത്തത്തിലുള്ള നേട്ടത്തിനൊപ്പം വൈദ്യുത വാഹന മേഖലയുടെ നേട്ടങ്ങളും നിക്ഷേപകര്‍ക്കു സ്വന്തമാക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 നവംബര്‍ 30ലെ കണക്കു പ്രകാരം 500 ബില്യണ്‍ രൂപയിലേറെ ആസ്തികള്‍ കൈകാര്യംചെയ്യുന്ന നിപ്പോണ്‍ ഇന്ത്യ മ്യൂചല്‍ ഫണ്ട് ഇന്ത്യന്‍ ഇടിഎഫ് മേഖലയിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ്. ഓഹരി, കടപത്ര, കമ്മോഡിറ്റി മേഖലകളിലായി 23 ഇടിഎഫുകളാണ് സ്ഥാപനത്തിനുള്ളത്.