കൊച്ചി: മുള ഉത്പന്നങ്ങള്‍, പനമ്പ് കയര്‍ തുടങ്ങിയ പരമ്പരാഗത ഉത്പന്നങ്ങളുടെ വിപണനത്തിനായി ഓണ്‍ലൈന്‍ ്പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് കയര്‍- വ്യവസായ- നിയമ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. മറൈന്‍ ഡ്രൈവില്‍ 18ാമത് കേരള ബാംബു ഫെസ്റ്റ് ഉത്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പരമ്പരാഗത ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണന സാദ്ധ്യത പഠിക്കാനായി ചുമതലപ്പെടുത്തിയ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സംഭരണം, ലോജിസ്റ്റിക്‌സ് എന്നിവ വെല്ലുവിളി ആണെങ്കിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വിപണനം ഉറപ്പുവരുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാക്കനാട് 15 ഏക്കറില്‍ കിന്‍ഫ്ര നിര്‍മിക്കുന്ന ട്രേഡ് സെന്റര്‍ 2 വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകും. ഇതോടെ എക്‌സിബിഷനുകള്‍ക്ക് സ്ഥിരം വേദിയുണ്ടാകുമെന്നും പി.രാജീവ് പറഞ്ഞു. കണ്‍വെന്‍ഷന്‍ സെന്ററും ഇതിന്റെ ഭാഗമായുണ്ടാകും.
പാരിസ്ഥിതിക അവബോധം ശക്തിപ്പെടുന്ന കാലഘട്ടത്തില്‍ പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. ഇതില്‍ മുളക്ക് ന്ല്ല സാദ്ധ്യതയുണ്ട്. എന്നാല്‍ മുളയുടെ ലഭ്യതക്കുറവ് പരിഹരിക്കണം. വനം വകുപ്പുമായി ചര്‍ച്ച നടത്തി കുറവ് പരിഹരിച്ചിട്ടുണ്ടെങ്കിലും ഉതപന്നങ്ങള്‍ നിര്‍മിക്കാന്‍ ആവശ്യമായ മുള ലഭ്യമല്ല. അലീഗഡ് സര്‍വകാലാശാലയുടെ കേരള ക്യാമ്പസില്‍ 300 ഏക്കറില്‍ 15000 മുള വെച്ച് പിടിപ്പിച്ചിട്ടുണ്ട്. ഇത് പോലെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെ കൂടുതല്‍ മുള വെച്ച് പിടി്പ്പിക്കണം. മുള ഉത്പന്നങ്ങളുടെ വിപണി ശക്തിപ്പെടുത്താന്‍ വര്‍ഷത്തില്‍ ഒരു തവണ മേള മാത്രം പോര. ബാംബു കോര്‍പ്പറേഷന്റെ 5 സ്ഥിരം സ്റ്റോറുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുമെന്നും പി.രാജീവ് പറഞ്ഞു.
എറണാകുളം മറൈന്‍ ഡ്രൈവ് മൈതാനത്ത് ഈ മാസം 23 വരെയാണ് ബാംബൂ ഫെസ്റ്റ് നടക്കുന്നത്. രാവിലെ 11 മണി മുതല്‍ 8 മണിവരെ നടക്കുന്ന ബാംബുഫെസ്റ്റില്‍ പ്രവേശനം സൗജന്യമാണ്. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തെ തുടര്‍ന്ന വിര്‍ച്വലായാണ് മേള സംഘടിപ്പിച്ചിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മേളയിലേക്ക് പ്രവേശനം. കേരളത്തില്‍ നിന്നുള്ള 200ഓളം കരകൗശല തൊഴിലാളികളും 9ഓളം സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍, ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ഹാന്‍ഡിക്രാഫ്റ്റ് ഡവലെപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവരുടെ സ്റ്റാളുകള്‍ മേളയിലുണ്ട്. മുള കൊണ്ടുള്ള ഫര്‍ണിച്ചര്‍, കരകൗശല ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍, അലങ്കാര വസ്തുക്കള്‍, ബാഗ് , പാത്രങ്ങള്‍ തുടങ്ങി മുളയരി കൊണ്ടുള്ള വിവിധ ഭക്ഷ്യ ഉത്പന്നങ്ങളും ബാംബു ഫെസ്റ്റില്‍ ലഭ്യമാണ്.
ചടങ്ങില്‍ ടി. ജെ വിനോദ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു . കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ പ്രത്യേക പ്രഭാഷണം നടത്തി.വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറും നാഷണല്‍ ബാംബൂ മിഷന്‍ കേരളയുടെ മിഷന്‍ ഡയറക്ടറുമായ എസ്. ഹരികിഷോര്‍ ഐ.എ.എസ്., കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ശ്യാം വിശ്വനാഥ്, സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ എംഡി അബ്ദുല്‍ റഷീദ് , ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി.എബ്രഹാം, കെബിപ്പ് സി.ഇ.ഒ. സൂരജ് എസ്. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇന്‍ട്രൊഡക്ഷന്‍ ടു സം ബാംബൂസ് ഓഫ് കേരള എന്ന പുസ്തകം വ്യവസായ മന്ത്രി പി.രാജീവ്, വ്യവസായ വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോറിന് നല്‍കി പ്രകാശനം ചെയ്യ്തു.
മുളയും അനുബന്ധ മേഖലകളിലുമുള്ള സംരംഭകത്വ പ്രക്രിയകളും ത്വരിതപ്പെടുത്തുന്നതിനായി 2003 ലാണ് സംസ്ഥാന ബാംബൂ മിഷന്‍ ആരംഭിച്ചത്. ഈ മേഖലയിലെ സാങ്കേതിക പോരായ്മ, ഉറവിടത്തെക്കുറിച്ചും-വിപണന സാധ്യതകളെക്കുറിച്ചുമുള്ള ധാരണക്കുറവ്, നൈപുണ്യവികസനത്തിന്റെ അഭാവം തുടങ്ങിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ വേണ്ടിയാണ് ബാംബൂ മിഷന്‍ രൂപീകരിച്ചത്. നൈപുണ്യവികസനം, കരകൗശല തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കല്‍, സ്ഥാപനങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധം സ്ഥാപിക്കല്‍, ട്രേഡ് ഫെയറുകളില്‍ പങ്കെടുപ്പിക്കല്‍, പരിശീലനം, മുളയുടെ പ്രജനനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ നടപ്പിലാക്കാനും ഈ മേഖലയ്ക്ക് പ്രചോദനം നല്‍കാനും മിഷന്‍ പ്രവര്‍ത്തിച്ച് വരുന്നു.