വരാനിരിക്കുന്ന ഗാലക്‌സി ഫോണുകളിൽ പുതിയൊരു തരം ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാംസങ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. SUS CAN എന്ന് വിളിക്കുന്ന ഈ സാങ്കേതികവിദ്യ ബാറ്ററിയുടെ രൂപകൽപ്പനയിൽ സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിക്കുന്നു. കാലപ്പഴക്കം ചെല്ലുമ്പോൾ ബാറ്ററികൾ സുരക്ഷിതമാക്കാനും വേഗത്തിൽ ചാർജ് ചെയ്യാനും കൂടുതൽ നേരം ചാർജ്ജ് നിലനിൽക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും എന്നാണ് റിപ്പോർട്ടുകൾ.
എല്ലാം പ്രതീക്ഷിച്ചതുപോലെ നടന്നാൽ, ഈ മാറ്റം അതിന്‍റെ അടുത്ത ഫ്ലാഗ്ഷിപ്പ് സീരീസിൽ അരങ്ങേറ്റം കുറിക്കും. അതായത് ഒരുപക്ഷേ ഗാലക്‌സി എസ്26-ൽ ഈ സാങ്കേതികവിദ്യ ആദ്യമായി ലഭിക്കും. മറ്റ് സ്‍മാർട്ട്‌ഫോൺ ബ്രാൻഡുകൾ ഇതിനകം തന്നെ പുതിയ ബാറ്ററി മെറ്റീരിയലുകൾ ഉപയോഗിച്ച് മുന്നോട്ട് കുതിച്ചിട്ടുണ്ട്.
ബാറ്ററിയുടെ ആന്തരിക ഘടന മെച്ചപ്പെടുത്തുന്നതിന് സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിക്കുന്ന SUS CAN എന്ന ബാറ്ററി സാങ്കേതികവിദ്യ സ്വീകരിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. ഫോൺ ബാറ്ററികളിലെ നിരവധി സാധാരണ പ്രശ്‍നങ്ങൾ പരിഹരിക്കുക എന്നതാണ് SUS CAN ലക്ഷ്യമിടുന്നത്. മെച്ചപ്പെട്ട ഊർജ്ജ സാന്ദ്രത ഇതിന്‍റെ ഒരു പ്രധാന നേട്ടമാണ്. വലിപ്പം കൂടാതെ തന്നെ ബാറ്ററിക്ക് കൂടുതൽ പവർ നിലനിർത്താൻ കഴിയുമെന്ന് ഇത് ഉറപ്പാക്കുന്നു. എല്ലാത്തിനുമുപരി വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കുകയും ബാറ്ററി വീക്കം പോലുള്ള ദീർഘകാല പ്രശ്‍നങ്ങൾ ഒഴിവാക്കുകയും ചെയ്യുക എന്നതും ഇതിന്‍റെ ലക്ഷ്യമാണ്.