വാഷിംഗ്‌ടൺ: ബഹിരാകാശത്ത് കുടുങ്ങിയ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്ല്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാൻ ഇലോൺ മസ്കിനോട് സഹായം ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സുനിത വില്ല്യംസിനെയും വിൽമോറിനെയും തിരിച്ചെത്തിക്കാൻ നാസ സ്പെയ്സ് എക്സിനോട് ബന്ധപ്പെട്ടെങ്കിലും ബൈഡൻ സർക്കാർ ഇത് നീട്ടികൊണ്ട് പോവുകയായിരുന്നുവെന്ന് സ്പേസ് എക്സ് സിഇഒ ഇലോൺ മസ്‌ക് പറഞ്ഞു. ഒരാഴ്ച നീളുന്ന ദൗത്യത്തിനായാണ് സുനിത വില്ല്യംസും ബുച്ച് വിൽമോറും ബഹിരാകാശത്ത് എത്തിയത്. സ്പെയ്സ് എക്സിന്റെ സ്റ്റാർലൈനറിൽ തിരിച്ചത്. എന്നാൽ, പേടകത്തിന് സാങ്കേതിക പ്രശ്നങ്ങൾ വന്നതോടെ ഇരുവരും ഐഎസ്എസിൽ കുടുങ്ങി. ഏഴ് ദിവസം കണക്ക് കൂട്ടിയ യാത്ര ഇപ്പോൾ ആറുമാസം പിന്നിട്ടു. അതിനിടെ സ്റ്റാർലൈനർ പേടകം തിരിച്ചിറക്കി. നാസയുടെ ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം 2025 ഫെബ്രുവരിയോടെ മാത്രമേ ഇരുവരെയും തിരികെയെത്തിക്കാനാകൂ.
സ്‌പേസ് എക്‌സ് വിക്ഷേപിച്ച ക്രൂ 9 പേടകത്തില്‍ ഇവരെ തിരികെ കൊണ്ട് വരാനാണ് തീരുമാനം. നേരത്തെ ക്രൂ 9 ദൗത്യത്തില്‍ നാല് സഞ്ചാരികളെ ബഹിരാകാശ നിലയത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സ്റ്റാര്‍ലൈനര്‍ സഞ്ചാരികളെ തിരികെ എത്തിക്കേണ്ടതിനാൽ രണ്ടുപേരെ ഒഴിവാക്കുകയായിരുന്നു. അതേസമയം സുനിത വില്ല്യംസും ബുച്ച് വിൽമോറും ഒറ്റപ്പെട്ടിട്ടില്ലെന്നും ആരോഗ്യത്തോടെയും ആത്മധൈര്യത്തോടെയുമായാണ് അവർ ബഹിരാകാശത്ത് കഴിയുന്നതെന്നും നാസ പ്രതികരിച്ചു.