തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സര്‍വ്വവ്യാപകമാകുന്നതോടെയുണ്ടാകുന്ന തൊഴില്‍ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ അപ്‌സ്‌കില്ലിങ്ങിലൂടെയും റീസ്‌കില്ലിങ്ങിലൂടെയും ഐ.ടി മേഖലയിലെ കഴിവുകള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കണമെന്ന് ടെക്‌നോപാര്‍ക്കില്‍ നടന്ന എ.ഐ സമ്മിറ്റ്. പ്രശസ്ത സാങ്കേതിക വിജ്ഞാന കൂട്ടായ്മയായ നാസ്‌കോം ഫയ: 80യുടെ നൂറാം പതിപ്പിന്റെ ഭാഗമായി ഇവോള്‍വ് ഇന്ത്യ 2023; പ്രിപേറിങ്ങ് ഫോര്‍ ദി അണ്‍പ്രെഡിക്റ്റബിള്‍ (എ.ഐ) എന്ന വിഷയത്തില്‍ നടന്ന കേരളത്തിലെ ആദ്യ എ.ഐ ഉച്ചകോടിയില്‍ പങ്കെടുത്ത വിദഗ്ധരുടെ കൂട്ടായ അഭിപ്രായത്തിലാണ് എ.ഐ യുഗത്തെ നേരിടാന്‍ സന്നദ്ധമാകേണ്ടതിന്റെ ആവശ്യകതയും സാധ്യതകളും ചര്‍ച്ചയായത്.
ജീവനക്കാരുടെ ഘടനയിലും തൊഴില്‍ സാഹചര്യത്തിലും എ.ഐ കാര്യമായ സ്വാധീനം ചെലുത്തുമെന്നും എച്ച്.ആര്‍ രംഗത്ത് പോലും ഇത് പ്രതിഫലിക്കുമെന്നും കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനൂപ് അംബിക പറഞ്ഞു. തുടര്‍ച്ചയായ അപ്‌സ്‌കില്ലിങ്ങ്, റീ സ്‌കില്ലിങ്ങ് പ്രക്രിയകള്‍ ജീവനക്കാരുടെ നിയമനത്തിന് ശേഷവും തുടരേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓട്ടമേഷന്‍ തൊഴില്‍ ഇല്ലാതാക്കുകയോ ഉണ്ടാക്കുകയോ ചെയ്യില്ലെന്നും നിലവിലുള്ളവ പുതുതായി രൂപാന്തരം പ്രാപിക്കുക മാത്രമാണ് ചെയ്യുകയെന്നും പരിപാടിയുടെ മുഖ്യ സംഘാടകനായ ദീപു എസ്. നാഥ് പറഞ്ഞു. എ.ഐ യുഗത്തെ നേരിടാന്‍ ജോലിയില്‍ തുടര്‍ന്നാല്‍ മാത്രം മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവനക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കുന്ന കാര്യങ്ങളില്‍ മാറ്റം വരണം. കൂടാതെ കഴിവുള്ളവരെ തിരഞ്ഞ് പോകുന്ന ടാലന്റ് ഹണ്ടിങ്ങില്‍ നിന്ന് നിലവിലുള്ളവരുടെ കഴിവ് പരിപോഷിപ്പിക്കുന്ന ടാലന്റ് ഫാമിങ്ങിലേക്ക് റിക്രൂട്ട്‌മെന്റ് രീതിയിലും മാറ്റം വരണം. വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നേടാനുള്ള കഴിവുകള്‍ സജ്ജമാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗൂഗളിലെ സ്റ്റാഫ് ഡെവലപ്പര്‍ അഡ്വക്കേറ്റ് അമൃത് സഞ്ജീവ്, അറ്റ്‌ലാസിയനിലെ എഞ്ചിനീയറിങ്ങ് ലീഡര്‍ സണ്ണി ഗുപ്ത, എസ്.എസ് കണ്‍സള്‍ട്ടിങ്ങ് കോ ഫൗണ്ടറും പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റുമായ അനീഷ് അരവിന്ദ്, സ്റ്റോറി ബ്രയിന്‍ സി.ഇ.ഒ ജിക്കു ജോസ്, അലോകിന്‍ സോഫ്റ്റുവെയര്‍ സി.ഇ.ഒ രാജീവ് ജെ. സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ കമ്പനികളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ സെഷനുകളില്‍ പങ്കെടുത്തു.