കൊച്ചി: കേരളത്തിലുടനീളമുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍, വനശ്രീ ഷോപ്പു കള്‍, മൊബൈല്‍ വനശ്രീ യൂണിറ്റുകള്‍, ഇക്കോ ഷോപ്പുകള്‍ എന്നിവയില്‍ ഡിജിറ്റല്‍ കലക്ഷന്‍ സൗകര്യമേര്‍പ്പെടുത്താന്‍ സംസ്ഥാന വനം, വന്യജീവി വകുപ്പ് സൗത്ത് ഇന്ത്യന്‍ ബാങ്കുമായി ധാരണയിലെത്തി. ഈ പങ്കാളിത്തത്തിലൂടെ വനം വകുപ്പിനു കീഴിലുള്ള 124 ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇനി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഡിജിറ്റല്‍ കലക്ഷന്‍ സംവിധാനം ലഭ്യമാകും. ഇവിടെ പിഒഎസ് മെഷീനുകള്‍ സ്ഥാപിക്കും. വനം വകുപ്പിന്റെ 36 വിവിധ ഏജന്‍സികളുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ബാങ്ക് പിഒഎസ് മെഷീനുകള്‍ ലഭ്യമാക്കും.
“ബാങ്ക് ഒരുക്കുന്ന ഈ ഡിജിറ്റല്‍ പണമിടപാട് സംവിധാനം വനം വകുപ്പിന്റെ വില്‍പ്പന കേന്ദ്രങ്ങളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യമാകും. ഇതിനു പുറമെ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്താന്‍ ബാങ്ക് വനം വകുപ്പുമായി ചര്‍ച്ച നടത്തിവരികയാണ്,” സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കൺട്രി ഹെഡ് റീറ്റെയ്ൽ ബാങ്കിങ് ഡിപ്പാർട്മെന്റ് സഞ്ജയ് കുമാര്‍ സിന്‍ഹ പറഞ്ഞു.
വനം ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗോത്ര വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് വനം വകുപ്പ് വനശ്രീ ഷോപ്പുകളും വനശ്രീ യൂണിറ്റുകളും അടക്കമുള്ളവ സ്ഥാപിച്ചിട്ടുള്ളത്.