കൊച്ചി: ഇന്ത്യയിലെ ആദ്യ ഓഫിസ് ഇൻഫോപാർക്കിൽ പ്രവർത്തനമാരംഭിച്ച് അക്കാബെസ് ഇന്റർനാഷണൽ. ദുബായ് ഐടി സേവനങ്ങൾക്കായി പ്രവർത്തിക്കുന്ന അറബ് ബാങ്ക് അനുബന്ധ സ്ഥാപനമായ അറബ് ഗൾഫ് ടെക്കിനു കീഴിലുള്ള പ്രധാന ഗ്ലോബൽ ഡെലിവറി സെന്ററാണ് അക്കാബെസ് ഇന്റർനാഷണൽ. അക്കാബെസ് ചെയർമാനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ എറിക് മൊഡാവി, ജനറൽ മാനേജർ രമേഷ് കാവിൽ എന്നിവർ ഉദ്‌ഘാടനം നിർവഹിച്ചു. ഇൻഫോപാർക് ഫേസ്-2 വിലാണ് പുതിയ ഓഫീസ് പ്രവർത്തിക്കുന്നത്.
അനുഭവ സമ്പന്നരായ ഐ ടി പ്രൊഫഷനുകളുടെ പ്രാപ്യത , മിഡിൽ ഈസ്റ്റിലേക്കും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കുമുള്ള മികച്ച കണക്റ്റിവിറ്റി എന്നിവയൊക്കെ ഇൻഫോപാർക്കിലേക്കുള്ള പുത്തൻ ചുവടുവയ്പ്പിന് ഞങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകി, അക്കാബെസ് ചെയർമാനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ എറിക് മൊഡാവി പറഞ്ഞു. മാത്രമല്ല മികച്ച രീതിയിലുള്ള പിന്തുണയാണ് ഐ ടി പാർക്ക് സി ഇ ഒ യുടെയും സെസ് ഡെവലപ്മെന്റ് കമ്മീഷണറുടെയും ഭാഗത്ത് നിന്നും ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ പ്രഗത്ഭരായ ഐടി ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരത്തിലേക്കുള്ള വഴിയാണ് അക്കാബെസ് ഇന്റർനാഷണൽ തുറന്നിരിക്കുന്നത്. 2023 ആകുമ്പോഴേക്കും പ്രസ്തുത മേഖലയിൽ നിന്നും യോഗ്യരായ 120ഓളം പേരെ നിയമിച്ച് ഉന്നത സാങ്കേതിക വിദ്യാസമ്പന്നരുടെ ഒരു ടാലന്റ് പൂൾ നിർമ്മിക്കുവാനാണ് കമ്പനി പദ്ധതി ഇടുന്നത്. ഇന്ത്യയിൽ നിന്നുള്ള മികച്ച പ്രതിഭകളെ കണ്ടെത്തുകയും, ശരിയായ പരിശീലനവും മാർഗ്ഗ നിർദ്ദേശങ്ങളും നൽകുവാനും അക്കാബെസ് ലക്ഷ്യമിടുന്നുണ്ട്. അറബ് ബാങ്കിനായി ഡിജിറ്റൽ സൊല്യൂഷൻസ് വികസനത്തിന്റെ ഭാഗമാവുക എന്നതാണ് കൊച്ചി സെന്ററിന്റെ പ്രധാന ദൗത്യം.